കൊച്ചി: ഇന്ത്യയിലെ വാണിജ്യ മേഖലയിലേക്കുള്ള വായ്പകളില്‍ 11 ശതമാനം വാര്‍ഷിക വര്‍ധനവു രേഖപ്പെടുത്തിയതായി 2023 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 28.2 ലക്ഷം കോടി രൂപയുടെ വായ്പകളാണ് നല്‍കിയിട്ടുള്ളതെന്നും ഇക്കാലയളവിലേക്കുള്ള ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള വളര്‍ച്ചയാണ് വാണിജ്യ വായ്പകള്‍ക്കായുള്ള ആവശ്യത്തിലും വര്‍ധനവുണ്ടാക്കിയത്. 29 ശതമാനം വാര്‍ഷിക വളര്‍ച്ച ഈ മേഖലയിലുണ്ടായി.
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരണ്ടി പദ്ധതി അവസാനിച്ചു എങ്കിലും ചെറുകിട മേഖലകളിലെ വായ്പകള്‍ വര്‍ധിച്ചതായി ഇതേക്കുറിച്ചു സംസാരിക്കവെ സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രഹ്മണ്യന്‍ രാമന്‍ പറഞ്ഞു. സാങ്കേതികവിദ്യാ രംഗത്തെ വളര്‍ച്ച ഈ രംഗത്തു സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലെ ചെറുകിട-ഇടത്തരം വായ്പകളും പ്രകടനം മെച്ചപ്പെടുത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാറും ചൂണ്ടിക്കാട്ടി. വായ്പാ ദാതാക്കള്‍ക്ക് തങ്ങളുടെ ചെറുകിട മേഖലയ്ക്കായുള്ള വായ്പാ രംഗം വികസിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.