പത്തനംതിട്ട: .ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണവായ്‌പ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ്, എംപവര്‍ പത്തനംതിട്ടയുമായി സഹകരിച്ച് നടത്തുന്ന സ്‌തനാര്‍ബുദ സ്‌ക്രീനിംഗ് പരിപാടിയായ കെയര്‍ ഫോര്‍ കാന്‍സര്‍ ക്യൂര്‍ പത്തനംതിട്ട എംപി ശ്രീ ആന്റോ ആന്റണി സജീവ സാന്നിധ്യത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. സിഎസ്‌ആര്‍ പദ്ധതിയുടെ കീഴില്‍ നടത്തിയ ഈ പരിപാടി പത്തനംതിട്ട ജില്ലയിലെ 40 വയസിനു മുകളിലുള്ള സ്‌ത്രീകള്‍ക്ക് സൗജന്യ സ്‌തനാര്‍ബുദ പരിശോധന ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുത്തൂറ്റ് കാന്‍സര്‍ സെന്ററുമായി ചേര്‍ന്നാണ് ഈ സംരംഭം നടപ്പാക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യ ക്ഷേമ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുത്തൂറ്റിന്റെ സാമൂഹ്യപ്രതിബന്ധതയ്‌ക്ക് ഇത് അടിവരയിടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കമ്പനിയുടെ സിഎസ്‌ആര്‍ പദ്ധതിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി ആരോഗ്യസംരക്ഷണം മാറിയിട്ടുണ്ട്.
പത്തനംതിട്ട മക്കാന്‍കുന്ന്, സെന്റ് സ്റ്റീഫന്‍സ് പാരീഷ് ഹാള്‍ ഓഡിറ്റോറിയത്തിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. മോഡലും നടിയുമായ അദിതി രവി ഉദ്‌ഘാടനം ചെയ്‌ത പരിപാടിയില്‍ ആന്റോ ആന്റണി എംപിക്കൊപ്പം മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, എംജിഎം മുത്തൂറ്റ് ഹോസ്‌പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് കുര്യന്‍ മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, സിനിമാ താരം അശ്വതി അഭിലാഷ്, മുത്തൂറ്റ് ഫിനാന്‍സ് സിഎസ്‌ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്‌തനാര്‍ബുദം കേരളത്തില്‍ നിരവധി ജീവിതങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഈ അടിയന്തിര പ്രശ്‌നം പരിഹരിക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളുക എന്നത് നമ്മുടെ ബാധ്യതയാണ്. കേരളത്തിലെ സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 7.9 ലക്ഷത്തിലധികം പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ എത്ര പേര്‍ക്ക് ഇതിനകം തന്നെ രോഗം മോശമായി ബാധിച്ചിട്ടുണ്ടെന്ന ഭയാനകമായ യാഥാര്‍ഥ്യം വളരെ ആശങ്കാജനകമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സ്‌തനാര്‍ബുദം മൂലമുള്ള മരണനിരക്കും ഉയര്‍ന്നതാണ്. സര്‌ക്കാരിന് ജനങ്ങളുടെ ക്ഷേമത്തില്‍ ഏറെ കരുതലുണ്ട്. കെയര്‍ ഫോര്‍ കാന്‍സര്‍ ക്യൂര്‍ പോലുള്ള സംരംഭങ്ങളിലൂടെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നത് ഞങ്ങളുടെ അര്‍പ്പണബോധത്തെ പ്രതിഫലിപ്പിക്കുന്നു. ആന്റോ ആന്റണി എംപി പറഞ്ഞു.
നമ്മുടെ രാജ്യത്ത് സര്‍വ്വ സാധാരണമായിരിക്കുന്ന കാന്‍സറാണ് സ്‌തനാര്‍ബുദം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉയര്‍ന്ന നിരക്കാണ് കണ്ടുവരുന്നത്. കേരളത്തില്‍ സ്‌തനാര്‍ബുദം മൂലമുള്ള മരണനിരക്കും വളരെ ഉയര്‍ന്നതാണ്. ബോധവത്‌ക്കരണത്തിന്റെ അഭാവമോ കൃത്യസമയത്ത് സ്‌ക്രീനിംഗ് നടത്താനുള്ള മടിയോ ആണ് നമ്മള് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് വിജയകരമായ ചികിത്സയ്‌ക്കും രോഗത്തില്‍ നിന്ന് വിമുക്തി നേടുന്നതിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഈയവസരത്തില്‍ ഞങ്ങളുടെ സ്‌ക്രീനിംഗ് ശ്രമങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഐ ബ്രെസ്റ്റ് എക്‌സാം ടെസ്റ്റ് ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ്. ഈ നൂതന പരീക്ഷണം വേദനയില്ലെന്നതു മാത്രമല്ല, റേഡിയേഷന്‍ രഹിതവുമാണ്. എല്ലാ വ്യക്തികള്‍ക്കും ഉപയോഗപ്പെടുത്താവുന്നതും ഏറെ സൗകര്യപ്രദവുമായ ഒന്നാണിത്.- ചടങ്ങില്‍ സംസാരിക്കവേ മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് വ്യക്തമാക്കി.
കാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള സാധ്യതയോടൊപ്പമുള്ള ഭയവും അനിശ്ചിതത്വവും ഒരു സ്‌ത്രീയെന്ന നിലയില്‍ എനിക്ക് മനസിലാക്കാവുന്നതാണ്. ഇത്തരം പരിപാടികള്‍ പ്രത്യാശയുടെ കിരണം മാത്രമല്ല വാഗ്‌ദാനം ചെയ്യുന്നത്. സ്‌ത്രീകള്‍ക്ക് ആശ്വാസത്തിന്റെ വഴികാട്ടിയായും വര്‌ത്തിക്കുന്നു. അതിലൂടെ നേരത്തെ രോഗം കണ്ടെത്തുന്നതിനും സമയോചിതമായി ചികിത്സ നടത്താനും സാധിക്കും. ഈ സംരംഭം വെറും രോഗ നിര്‍ണയം മാത്രമല്ല, സ്‌ത്രീ ശാക്തീകരണത്തിലൂടെ സ്‌ത്രീകള്‍ക്ക് അറിവും രോഗത്തെ ചെറുക്കുന്നതിന് അവരെ പ്രാപ്‌തരാക്കുകയുമാണ് ചെയ്യുന്നത്. നമുക്കൊരുമിച്ച് കാന്‍സര്‍ എന്ന രോഗത്തെ ധൈര്യത്തോടെ നേരിടാം. ആരോഗ്യകരവും ഉജ്വലവുമായ ഒരു പാത കെട്ടിപ്പെടുക്കാന്‍ അതുവഴി സാധിക്കട്ടെ’ ഒരു സ്‌ത്രീയെന്ന നിലയില്‍ നിന്നു കൊണ്ട് കാന്‍സര്‍ പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദിതി രവി പറഞ്ഞു.