കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംമ്പര്‍ നറുക്കെടുപ്പില്‍ വ്യാജ ലോട്ടറിക്ക് ഒന്നാം സമ്മാമനം ലഭിച്ചെന്നു കാട്ടി 25 കോടി അടിച്ചു മാറ്റി. സര്‍ക്കാരിന്റെ വരുമാനത്തില്‍ സിംഹ ഭാഗവും എത്തിക്കുന്ന ലോട്ടറിയില്‍ അട്ടിമറി നടന്നിരിക്കുന്നുവെന്നാണ് തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലൂടെ തെളിഞ്ഞിരിക്കുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് വ്യാജ ലോട്ടറിക്കച്ചവടക്കാരാണ് ഈ തട്ടിപ്പിനു പിന്നിലെന്നാണ് പരാതി. സര്‍ക്കാരിനെയും ലോട്ടറി വകുപ്പിനെയും ബുദ്ധിപരമായി കബളിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരിക്കുകയാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കിയിരിക്കുന്നത്, ഡിണ്ടിഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡി. അന്‍ബു റോസ് ആണ്.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും ഡി.ജി.പിക്കും പരാതി നല്‍കിയിട്ട് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അന്‍ബുറോസ് പറയുന്നു. പരാതി നല്‍കിയി 2023 ഒക്ടോബര്‍ 29നാണ് പരാതി നല്‍കിയത്. ഓണം ബംമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയാണ് വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി തട്ടിയതെന്ന് അന്‍ബു റോസ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി തമിഴ്‌നാട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ലോബിയാണ് തട്ടിപ്പിനു പിന്നിലെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍, പരാതിയെ കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും, കേരള സര്‍ക്കാര്‍ തന്റെ പരാതിയിന്‍മേല്‍ ഇനി എന്തു നടപടി എടുക്കുമെന്ന് നോക്കുകയാണെന്നും അന്‍ബു റോസ് അന്വേഷണത്തോടു പറഞ്ഞു. മൂന്നു മാസമായി സര്‍ക്കാര്‍ ബംമ്പര്‍ ലോട്ടറിക്ക് സമ്മാനം നല്‍കിയിട്ട്. ബംമ്പറടിച്ച ലോട്ടറിയുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.ആര്‍ 93 ടിക്കറ്റ് നമ്പര്‍ ടി.ഇ 230662 എന്ന ടിക്കറ്റിനാണ് 25 കോടി അടിച്ചത്. ബംമ്പര്‍ അടിച്ചത് നടരാജനും മറ്റ് മൂന്നു പേര്‍ക്കുമാണെന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. എന്നാല്‍, കച്ചവടക്കാരനമായ നടരാജന്‍ 2023 ഒക്ടോബര്‍ 15നാണ് വാളാറിലെ ബാവ ലോട്ടറി ഏജന്‍സിയില്‍ നിന്നും പത്ത് ടിക്കറ്റ് വാങ്ങിയത്.
എന്നാല്‍, തിരുപ്പൂര്‍ കേന്ദ്രീകരിച്ചുള്ള ലോട്ടറി തട്ടിപ്പുകാരുമായി ചേര്‍ന്ന് 9 ടിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് സമ്മാന തുക കൈപ്പറ്റിയിരിക്കുന്നത്. ഇങ്ങനെ ഓരോരുത്തരുടെയും പേരെടുത്ത് പരാതിയില്‍ പറയുന്നുണ്ട്. എന്നിട്ടും, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ലോട്ടറി വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് വിവരം. ലോട്ടറി വകുപ്പില്‍ വിളിച്ചപ്പോള്‍, അതേക്കുറിച്ച് ധനവകുപ്പിനോട് ചോദിക്കാനാണ് പറയുന്നത്. ഇങ്ങനെയൊരു വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ലോട്ടറി വകുപ്പിന്റെ നിലപാട്. വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും ഇവര്‍ പേടിക്കുന്നുണ്ട്.
നിലവില്‍ ലോട്ടറി വകുപ്പു നടത്തുന്ന നറുക്കെടുപ്പുകളെ കുറിച്ച് എത്ര ആക്ഷേപങ്ങളാണ് ദിനം പ്രതി വരുന്നതെന്നുപോലും നിശ്ചയമില്ല. വകുപ്പിനുള്ളില്‍ നിന്നും ഔദ്യോഗികമായി വരുന്ന വാര്‍ത്തകളെല്ലാം ആ വകുപ്പിന്റെ നല്ല വാര്‍ത്തകള്‍ മാത്രമാണ്. മറ്റു വാര്‍ത്തകളെല്ലാം ഇങ്ങനെ നിഷേധിക്കുകയോ, റദ്ദു ച്യെുകയോ ചെയ്യുന്നുണ്ട്. കേരളാ സര്‍ക്കാരിനെ വ്യാജ ലോട്ടറി നല്‍കി കബളിപ്പിച്ചുവെന്ന് പരാതി ലഭിച്ചാല്‍ അതിന്‍മേല്‍ ന്യായമായ അന്വേഷണം നടത്തേണ്ടതാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതികളുടെ കോപ്പികള്‍ ലോട്ടറി വകുപ്പിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. എന്നിട്ടും ലോട്ടറി വകുപ്പ് കള്ളക്കളി തുടരുകയാണ്.
അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തേണ്ട സമ്മാനത്തുക വ്യാജ ലോട്ടറി സമര്‍പ്പിച്ച് തട്ടിയെടുത്തു എന്നറിഞ്ഞിട്ടും നടപടി എടുക്കാതിരിക്കുന്ന ലോട്ടറി വകുപ്പിന്റെ പങ്കും അന്വേഷിക്കണം. ഇല്ലെങ്കില്‍ വീണ്ടും ഇത്തരം തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. പരാതിക്കാരനായ അന്‍ബു റോസിന് മറുപടി നല്‍കാതെ തുടരുകയാണ് സര്‍ക്കാരും ലോട്ടറി വകുപ്പും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക