തിരുവനന്തപുരം: പണ്ടാര അടുപ്പിൽനിന്ന് അഗ്നി പകർന്നതോടെ ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിനർഭരമായ തുടക്കം. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിക്ക് നൽകി.
മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറി. തുടർന്ന്, വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും തീ പകർന്നതിനുശേഷം നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാലക്കളങ്ങളിലും അടുപ്പുകളിലേക്കും തീ പകർന്നു.
ഞായറാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി.
രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നൂവെന്നാണ് വിശ്വാസം. പാട്ടുതീർന്നതോടെയാണ് ശ്രീകോവിലിൽനിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നത്.
ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്.
Read More……
- തിരുവല്ലയിലെ പെൺകുട്ടിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; അതുലുമായും അജിലുമായും വർഷങ്ങളുടെ പരിചയം; റൂമെടുക്കാനുള്ള ശ്രമം നടന്നില്ല,പതിനഞ്ചു വയസ്സുകാരി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി
- ആറ്റുകാൽ പൊങ്കാലക്ക് ആശങ്കയായി ചാറ്റൽമഴ: തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം
- രണ്ടുപേരുകൾ കൂടി വയനാട്ടിൽ പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം
- നിലപാട് കടുപ്പിച്ചു ലീഗ്:വിട്ടുവീഴ്ചയ്ക്കില്ലെന്നും ന്യായമായ ആവശ്യമാണെന്നും:ഇ.ടി മുഹമ്മദ് ബഷീർ
- പാലക്കാട് കഞ്ചിക്കോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.
തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.