പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കി. സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി അഭിലാഷിന്റെ മൊഴി. കോവിഡിനു ശേഷം ഒന്നരവര്‍ഷം ഗള്‍ഫിലായിരുന്നു. അവിടുന്നു വരുമ്പോള്‍ വാങ്ങിച്ച കത്തിയാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നല്‍കി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയത് ഏറെ വേദനിപ്പിച്ചു. ഇത് തന്നെ മനപ്പൂര്‍വ്വം അവഗണിച്ചതാണെന്നും പ്രതി അഭിലാഷ് പോലീസിന് മൊഴി നില്‍കി. അഭിലാഷിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവന്നതു സത്യനാഥനാണ്.
പിന്നീട് ഇരുവരും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഭിലാഷിനെ പാര്‍ട്ടിയില്‍നിന്നു മാറ്റിനിര്‍ത്തിയത്. ഇപ്രകാരം മാറ്റിനിര്‍ത്തിയതു വലിയ വിഷമമുണ്ടാക്കിയെന്നാണ് അഭിലാഷ് പൊലീസിനു നല്‍കിയ മൊഴിയിലുള്ളത്. ഇന്നലെ രാത്രി വൈകി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. തിങ്കളാഴ്ച പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അതേസമയം, സത്യനാഥന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വ്യക്തിവൈരാഗ്യമാണെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. തന്നെ ഒതുക്കിയതും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് അഭിലാഷ് വിശ്വസിച്ചു. നേതാക്കള്‍ക്കു സംരക്ഷകനായി നിന്ന തനിക്കു മറ്റു പാര്‍ട്ടിക്കാരില്‍ നിന്നു മര്‍ദ്ദനമേറ്റപ്പോള്‍ സത്യനാഥന്‍ കുറ്റപ്പെടുത്തി.
അവഗണന സഹിക്കാന്‍ പറ്റാതായതോടെയാണു കൊലപ്പെടുത്തിയത്. കൊല്ലണം എന്ന ഉദ്ദേശ്യത്തോടു കൂടി തന്നെയാണു കൃത്യം നടത്തിയത്. കഴകപുരയുടെ പിന്നിലൂടെ നടന്നു ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില്‍ ചാടി റോഡിലിറങ്ങി. ഇതേസമയം, കത്തി അടുത്ത പറമ്പിലേക്കു വലിച്ചെറിഞ്ഞു. സ്റ്റീല്‍ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്കു വേഗത്തില്‍ എത്താവുന്ന മാര്‍ഗത്തിലൂടെ നടന്നു. റെയില്‍വേ സ്റ്റേഷന്‍ കടന്ന് രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വരുന്ന വഴിയില്‍ 4 പേര്‍ തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോടു പറഞ്ഞു.
എന്തിനാണു കൊലപാതകം നടത്താന്‍ ക്ഷേത്രം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. കൊയിലാണ്ടി കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തിന് പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയാണ് സത്യനാഥനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് അല്‍പസമയത്തിനകം അഭിലാഷ് കൊയിലാണ്ടി സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണു മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അതേസമയം, അഭിലാഷ് കൊലപാതകം നടത്തിയതിനു ശേഷം സുഹൃത്തുക്കളുടെ അടുത്തു പോയെന്നു പറഞ്ഞിരുന്നു. ഞാന്‍ അയാളെ കൊന്നിട്ടാമ് വരുന്നതെന്നും പറഞ്ഞിരുന്നു. ഇത് മൊഴിയില്‍ ഉണ്ടായില്ല. കൊലപാതകത്തിന്റെ ആസൂത്രണത്തിന് കൂടെ ആരും ഇല്ലെന്നു അഭിലാഷ് പറയുമ്പോഴും പോലീസ് അത് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാത്രമേ കൂടുതല്‍ അന്വേഷണം മുന്നോട്ടു പോകൂ. മാത്രമല്ല, സത്യനമാഥന്റെ വീട്ടുകാരുടെ മൊഴിയും വിശദമായി എടുക്കേണ്ടതുണ്ട്. പ്രതി കൃത്യം നിര്‍വഹിച്ച സ്ഥലത്ത് ഒരിക്കല്‍ക്കൂടി പ്രതിയുമായി വിസിറ്റ് നടത്തുമെന്നും പോലീസ് പറയുന്നു.
കൊലപാതചകത്തിനു പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതാണ് പോലീസ് അന്വേഷിക്കാന്‍ പോകുന്നത്. മയക്കുമരുന്ന് മാഫിയയുടെ ഇടപെടലോ മറ്റു കാര്യങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. അതേസമയം, സി.പി.എമ്മിന് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടരി പി. മോഹനന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്താമ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക