ടാറ്റൂ കലാകാരായ പ്രണയ നായകനെയും നായികയെയും കണ്ണൂര്‍ ടൗണ്‍ പോലീസ് പൊക്കിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയകഥയിലെ നായകന് കൊയ്യോട് ചെമ്പിലോട്ടെ ടി.സി. ഹര്‍ഷാദാണ്. ചില്ലറക്കാരനൊന്നുമല്ല ഈ മുപ്പത്തിനാലുകാരന്. മയക്കുമരുന്നു കേസില്‍ കോടതി 10 വര്‍ഷം കഠിനതടവിനു വിധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മാത്രമല്ല, കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, കവര്‍ച്ച, അടിപിടി, കഞ്ചാവ് വില്‍പ്പന എന്നിങ്ങനെ ഹര്‍ഷാദിനെതിരെ 17 കേസുകളുമുണ്ട്.
ടാറ്റൂ കലാകാരിയാണ് ഹര്‍ഷാദിന്റെ കാമുകി അപ്സര. ഇവര്‍ ഒരുമിച്ച് നേരത്തേ തലശ്ശേരിയിലെ ഒരു ടാറ്റൂ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഹര്‍ഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു ജോലി. ഇവിടെ നിന്നുമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്സര വിവാഹിതയാണ്. ഹര്‍ഷാദിന് ഭാര്യയും കുഞ്ഞുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരവേയാണ് കാമുകിയുടെ ഓര്‍മ്മകള്‍ ഹര്‍ഷാദിനെ വല്ലാതെ അലട്ടിയത്. ഇതോടെ എങ്ങനെയെങ്കിലും ജയില്‍ ചാടാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി വ്യക്തമായൊരു പ്ലാനും തയ്യാറാക്കി. കൂട്ടുകാരന്റെ സഹായവും ഉറപ്പാക്കി.
അങ്ങനെ ഇക്കഴിഞ്ഞ ജനുവരി 14ന് ഹര്‍ഷാദ് ജയില്‍ ചാടി. രാവിലെ 6.45ഓടെ പത്രം എടുക്കാന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഹര്‍ഷാദ്, ജയിലിനുമുന്നിലെ ഗേറ്റിനു സമീപം കാത്തുനിന്ന കൂട്ടുകാരന് റിസ്വാനൊപ്പം ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ജയിലിലെ വെല്‍ഫെയര്‍ ഓഫിസുമായി ബന്ധപ്പെട്ട ജോലികളാണ് ഹര്‍ഷാദ് ചെയ്തിരുന്നത്. പതിവ് പോലെ പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങുമ്പോഴായിരുന്നു ജയില്‍ചാട്ടം നടത്തിയത്. പത്രമെടുക്കാന്‍ പോയ ഹര്‍ഷാദിനെ മിനിട്ടുകളോളം കാണാതായതോടെ ജയില്‍ വാര്ഡന്മാര് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ജയിലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലാണ് ഹര്‍ഷദ് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ടത്.
ഇതോടെ പോലീസില്‍ പരാതിപ്പെടാന്‍ ജയില്‍ അധികൃതര്‍ തയ്യാറായി. അപ്പോഴേക്കും ഹര്‍ഷാദിനെ കാണാതായി ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ടൗണ്‍ പൊലീസില്‍ വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഹര്‍ഷാദ് ബൈക്കില്‍ കൂട്ടുപുഴ പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങളില്‍ പൊലീസിന് വ്യക്തമായി. പോലീസിന്റെ പരിധിവിട്ട് രക്ഷപ്പെട്ട പ്രതിയെയും സഹായിയെയും കണ്ടെത്താന്‍ പിന്നീട് വിവധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചായിരുന്നു അന്വേഷണം. ഹര്‍ഷദ് പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍, ബന്ധപ്പെടാനിടയുള്ള ആളുകള്‍ അങ്ങനെ പോലീസിന്റെ അന്വേഷണം പൂരോഗമിച്ചു.
അന്വേഷണത്തിനിടെയാണ് ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സഹായിച്ചത് റിസ്വാനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. റിസ്വാനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. റിസ്വാനെ പൂട്ടാനുള്ള എല്ലാ കെണിയുമൊരുക്കി ഇരുന്ന പോലീസിനെ കബളിപ്പിച്ച് രണ്ടാഴ്ച മുന്‍പ് റിസ്വാന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വയം കീഴടങ്ങി. എന്നാല്‍, ഹര്‍ഷദിനെ രക്ഷപ്പെടുത്താനുപയോഗിച്ച ബൈക്ക് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ നിന്ന് റിസ്വാനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് നല്ലരീതിയില്‍ ചോദ്യം ചെയ്തു. ആദ്യമൊക്കെ തന്റെ പങ്കിനെ കുറിച്ചോ, ഹര്‍ഷാദ് എങ്ങോട്ടു പോയെന്നോ പറയാന്‍ തയ്യാറായില്ലെങ്കിലും പിടിച്ചു നില്ക്കാനാവാത്ത ഘട്ടമെത്തിയപ്പോള്‍ എല്ലാം പറഞ്ഞു.
റിസ്വാനില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് ഹര്‍ഷാദിനെയും, ഇരുപത്തൊന്നു വയസ്സുകാരി കാമുകിയെയും പോലീസ് പിടികൂടുന്നത്. തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വാടക വീട്ടില്‍ നിന്നുമാണ് ഹര്ഷദിനെയും കാമുകി അപ്സരയേയും പിടികൂടുന്നത്. റിസ്വാനില്‍ നിന്നുമാണ് ഹര്‍ഷാദിന്റെയും അപ്സരയുടേയും താമസസ്ഥലത്തെക്കുറിച്ചു പോലീസിന് വിവരം ലഭിച്ചതും. ജയില്‍ ചാട്ടത്തിന് ശേഷം ഹര്‍ഷാദ് ആദ്യം ബാംഗ്ളൂരിലെത്തി. പിന്നാലെ കാമുകി അപ്സരയും ബാംഗ്ളൂരിലെത്തി. ഇവിടുന്ന് ഇരുവരുമൊന്നിച്ച് നേപ്പാള്‍ അതിര്‍ത്തി വരെയും ഡല്‍ഹിയിലും എത്തി. ഇവിടെയൊക്കെ താമസിച്ചതായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധനയില്‍ പോലീസ് കണ്ടെത്തി.
പിന്നീടാണ് തമിഴ്നാട്ടിലേക്ക് എത്തിയത്. തമിഴ്നാട്ടില്‍ എത്തിയ ശേഷം ഇരുവരും മൊബൈല്‍ ഫോണുകള്‍ സ്വച്ച്ഓഫാക്കി. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതും ഒഴിവാക്കി. അപ്സരയാണ് ഭാരതിപുരത്ത് വീട് വാടകയ്ക്ക് എടുത്തത്. തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ എടുത്ത വീട് മാറി മറ്റൊരു വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് കണ്ണൂര്‍ ടൗണ്‍ എസി.പി കെ.വി. വേണുഗോപാല്‍ അടങ്ങുന്ന പോലീസ് സംഘം പിടികൂടുന്നത്. ജയില്‍ ചാടി 40 ദിവസത്തിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ജയില്‍ ജീവനക്കാര്‍ക്കെതിരേ നടപടി വരും
അധികൃതരെ വെട്ടിച്ച് ജയില്‍ ചാടിയ സംഭവം കണ്ണൂര്‍ ജയിലിലെ ജീവനക്കാര്‍ക്ക് തലവേദനയാകും. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവ് അടക്കമുള്ളവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നല്ല നടപ്പുള്ള തടവു പുള്ളികളെയാണ് ജയിലിലെ പ്രത്യേക ജോലികള്‍ ചെയ്യാന്‍ നിയോഗിക്കുന്നത്. മയക്കുമരുന്ന് കേസുമായി ശ്രിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ തടവുകാരനെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ വിട്ടതിന്റെ മാനദണ്ഡമെന്താണെന്നാണ് ചോദ്യം. കഠിന തടവിനു ശിക്ഷിച്ച പ്രതിയെ ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ ഓഫീസില്‍ ജോലിക്കു നിര്‍ത്തിയത് എന്തിനാണെന്നുള്ള ചോദ്യത്തിനും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഉത്തരം പറയേണ്ടി വരും.
പോലീസ് കേസിനു പിന്നാലെ
അതേസമയം, ഹര്‍ഷാദിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവരെ മുഴുവനും പിടിക്കാനുള്ള നീക്കം ആരംഭിച്ചെന്നാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും പോലീസ് പറയുന്നു. ജയില്‍ അധികൃതര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പോലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക