സംസ്ഥാന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകള്‍ സുരക്ഷിതമാണോ. ആര്‍ക്കും എപ്പോഴും വരാനും പോകാനും കഴിയുന്ന ഇടങ്ങള്‍ എന്നതിനപ്പുറം എന്തു സുരക്ഷിതത്വമാണ് ഇവിടുള്ളത്. പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടു പോയ രണ്ടര വയസ്സുള്ള കുട്ടിയുടെ സുരക്ഷ പോലും ഉറപ്പാക്കാന്‍ കഴിയാത്ത സംവിധാനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ അതീവ സുരക്ഷ മേഖലകളില്‍ ആരെങ്കിലും ആതിക്രമിച്ചു കയറി ആപത്തുണ്ടാക്കുമെന്ന ഭയം ഏപ്പോഴും അധികൃതര്‍ക്കുണ്ടാകണം.
കാരണം, വഴിയോരത്തായാലും മേരിയും കുടുംബവും കിടന്നിരുന്നത് അതീവ സുരക്ഷാ മേഖലയിലായിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേനയുടെ കുരത്തായ ബ്രഹ്‌മോസ് മിസൈലിന്റെ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് സിമിറ്റഡും, വിമാനത്താവളവും ഇവിടെയുണ്ട്. ഇതിനെല്ലാമുപരി ഇന്ത്യന്‍ ബഹികാരാകാശ നിലയത്തിന്റെ റിസര്‍ച്ച് സെന്ററും ഇവിടെയാണ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞു തരേണ്ടതില്ല. വി.എസ്.എസ്.സിയുടെ പരീക്ഷണ നിരീക്ഷണങ്ങളെല്ലാം വിജയം കാണുന്ന കാലഘട്ടം കൂടിയാണിത്. അതുകൊണ്ടു തന്നെ ഈ മേഘലയെ ശത്രുക്കളുടെ കണ്ണില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഇതോടൊപ്പം സുരക്ഷിതമാക്കേണ്ട മറ്റൊന്നാണ് എയര്‍ ഫോഴ്‌സിന്റെ ആസ്ഥാനവും. ഇങ്ങനെ അതീവ സുരക്ഷ നല്‍കേണ്ട സ്ഥലമാണ് ചാക്ക, പേട്ട, ശംഖും മുഖം, വേളി, കൊച്ചു വേളി, തുമ്പ, വെട്ടുകാട് എന്നീ പ്രദേശങ്ങള്‍. എന്നാല്‍, ഇവിടം സുരക്ഷിത സ്ഥലമാണോ. സുരക്ഷയ്ക്കായി എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളും സുരക്ഷയുമാണ് വേണ്ടത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രവും, എയര്‍ ഫോഴ്‌സ് ആസ്ഥാനവും, ആങ്കര്‍ യൂണിറ്റും, വിമാനത്താവളവും, ബ്രഹ്‌മോസുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങളാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷയിലാണ് ഈ പ്രദേശങ്ങളെല്ലാം നിലകൊള്ളുന്നത്.
ഈ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്, അതീവ സുരക്ഷാ മേഖലയെന്നാണെങ്കിലും ഒരു സുരക്ഷയും ഇല്ലെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം ഉണ്ടായ തട്ടിക്കൊണ്ടു പോകല്‍ സംഭവത്തോടെ ഈ മേഖലയില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും തെളിഞ്ഞിരിക്കുന്നു. ഐ.എസ്.ആര്‍.ഒയുടെ ഭാഗത്തും ബ്രഹ്‌മോസിന്റെ ഭാഗത്തും, എയര്‍പോര്‍ട്ട് റോഡിലും സ്ഥാപിച്ചിരിക്കുന്ന സര്‍വയലന്‍സ് ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. എയര്‍പോര്‍ട്ടിന്റെ ആങ്കര്‍ യൂണിറ്റിലും, ബ്രഹ്‌മോസ് സ്‌പേസിന്റെ കവാടത്തും, വി.എസ്.എസ്.സിയിലും, എയര്‍ഫോഴ്‌സ് ആസ്ഥാനത്തിന്റെ ഉള്ളിലുമൊക്കെ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളുടെ ഉള്ളിലേക്ക് കടക്കുന്നവരെ നിരീക്ഷിക്കാനും, അനധികൃതമായി പ്രവേശിക്കുന്നവരെ തടയാനും കഴിയുന്നുണ്ട്. എന്നാല്‍, ഈ സ്ഥാപനങ്ങലുടെ പുറത്ത് ആരൊകികെ വരുന്നുണ്ടെന്നോ, എത്ര സമയം ചെലവഴിക്കുന്നുണ്ടെന്നോ, ചിത്രീകരണം നടത്തുന്നുണ്ടെന്നോ ഉള്ള നിരീക്ഷണം നിലച്ചിട്ട് നാളേറെയായി. ഈ പ്രദേശങ്ങളില്‍ വിനോദ സഞ്ചാര സ്ഥലങ്ങള്‍ ധാരാളമായുണ്ട്. പ്രധാനമായും ശംഖുമുഖം ബീച്ചിലേക്ക് നിരവധി പേരെത്തുന്നുണ്ട്. തീവ്രവാദികളായാലും, ചാരന്‍മാരായാലും, വിധ്വംസക പ്രവര്‍ത്തകരായാലും ബീച്ചിലേക്കോ, വേളി ടൂറിസ്റ്റ് സെന്ററിലേക്കോ എത്തിപ്പെടാന്‍ എളുപ്പമാണ്.
ഒരു ദുരന്തം ഉണ്ടായതിനു ശേഷം, അതിന്റെ കാരണക്കാരെ തിരയുമ്പോഴാണ് അതീവ സുരക്ഷ മേഖലയ്ക്കു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ ഫൂട്ടേജുകളെ ആശ്രയിക്കുന്നത്. എന്നാല്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളെല്ലാം വെറും നോക്കുകുത്തികള്‍ മാത്രമാമ്പോള്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാധ്യത കൂടുതല്‍ തെളിയും. ഇതാണ് കുഞ്ഞു മേരിയെ തട്ടിക്കൊണ്ടു പോയ ഇടത്തും സംഭവിച്ചിരിക്കുന്നത്. കുട്ടിയെ കാണാതായപ്പോഴാണ് ഇവിടുത്തെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാണോയെന്ന് അന്വേഷിക്കുന്നത്. അന്വേഷിച്ചെത്തിയ പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഈ മേഖലയിലെ ഒരു സി.സി.ടി.സി ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല. അഥവാ പ്രവര്‍ത്തിക്കുന്നവയില്‍ നിന്നും ഫൂട്ടേജ് എടുക്കാന്‍ കഴിയുന്നില്ല.
ചാരക്കേസും, വിമാനം റാഞ്ചലും, തീവ്രവാദ ഭീഷണിയും, ബ്ര്ഹമോസിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനുമൊക്കെ എന്തെളുപ്പമാണിവിടെ. മാസങ്ങള്‍ക്കു മുമ്പ് ചൈനയുടെ ചാരക്കപ്പല്‍, ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടതിനെ ഇന്ത്യന്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്താണെന്നോ, ചൈനീസ് ചാരക്കപ്പല്‍ ലക്ഷമിട്ടത്, ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും ബ്രഹ്‌മോസുമൊക്കെയായിരുന്നു. ചൈനീസ് കപ്പലില്‍ ഇരുന്നു കൊണ്ടുതന്നെ ഇന്ത്യയിലെ തന്ത്ര പ്രധീന മേഖലകളെ വനിരീക്ഷിക്കാനാകും. കിട്ടുന്ന വിവരങ്ങള്‍ ഡീകോഡ് ചെയ്യാനും കഴിയും.
ഇങ്ങനെ കടലിലും കരയിലും ആകാശത്തും ശത്രുക്കള്‍ നിറയുമ്പോള്‍ അതീവ സുരക്ഷ മേഖലയെ സ്വതന്ത്ര സഞ്ചാര വിഹാര കേന്ദ്രമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. സ്വകാര്യ കമ്പനികളെയാണ് ഇവിടുത്തെ സുരക്ഷ ഏല്‍പ്പിക്കുന്നത്. സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനോ കേടായവ മാറ്റി സ്ഥാപിക്കാനോ തയ്യാറാകാത്തതാണ് പ്രധാന പ്രശ്‌നം. ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി നിയമനടപടി സ്വീകരിക്കേണ്ടതും, നിരീക്ഷണത്തിന് പകരം സംവിധാനം കൊണ്ടു വരേണ്ടതുമാണ്.
ഈ മേഖലയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയും വേണം. നാടോടികളും ടൂറിസ്റ്റുകളും യയഥേഷ്ടം കയറിയിറങ്ങുന്ന പ്രദേശമായി ഇതിനെ മാറ്റിയാല്‍ വരാനിരിക്കുന്ന വലിയ വിപത്തിനെ ആര്‍ക്കും ചെറുക്കാനാവില്ലെന്നത് മറന്നു പോകരുത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക