കോടികള്‍ ചെലവിട്ട് നടപ്പാക്കിയ ‘കേരളാ സവാരി’ എന്ന പദ്ധതി അകാല ചരമമടഞ്ഞിട്ട് ഒരു വര്‍ഷവും നാല് മാസവും കഴിയുന്നു. ജനിച്ചപ്പോഴേ മരിച്ച കുഞ്ഞിനെപ്പോലെയായ കേരളാ സവാരി പദ്ധതിക്കായി ആരംഭിച്ച ആപ്പിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. യാത്രാനിരക്കിനെ ചൊല്ലി ഡ്രൈവര്‍മാര്‍ ഇടഞ്ഞതും പദ്ധതിക്കായി രൂപകല്‍പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങളുമാണ് പരീക്ഷണ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരത്തില്‍ ആരംഭിച്ച ‘കേരള സവാരി’യുടെ യാത്രക്ക് തടസ്സമായത്.
തലസ്ഥാനത്തെ പരീക്ഷണം വിജയിച്ചാല്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയും നിര്‍ജീവമായിക്കഴിഞ്ഞു.2022 ആഗസ്റ്റ് 17ന് മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് കേരള സവാരിക്ക് തുടക്കം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍ വകുപ്പും പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐ.ടി.ഐ) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിക്കായി ചെലവഴിച്ചത് 25 കോടി രൂപയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സര്‍വിസ് എന്ന പേരിലായിരുന്നു തുടക്കമിട്ടത്.
പരീക്ഷണ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ആരംഭിച്ച പദ്ധതി ഒരു വര്‍ഷം പിന്നിട്ടിട്ടും വിജയം കാണാതെ വന്നതിനു പിന്നില്‍ ഉണ്ടായ പിടിപ്പുകേടുകള്‍ നിരവധിയാണ്. കരാര്‍ പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്ക്: ഓട്ടോറിക്ഷയ്ക്ക് 30 രൂപയും, ടാക്‌സി കാറിന് അഞ്ച് കിലോമീറ്റര്‍ വരെ 200 രൂപയും, എട്ട് ശതമാനം സര്‍വിസ് ചാര്‍ജുമാണ്. 5,314 ഡ്രൈവര്‍മാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, നിരക്ക് കൂട്ടിനല്‍കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ ഡ്രൈവര്‍മാര്‍ ബുക്കിംഗ് സ്വീകരിക്കാതായി. ആപ്പ് പ്രവര്‍ത്തനം താളം തെറ്റിയതോടെ യാത്രക്കാര്‍ക്കും താല്‍പര്യമില്ലാതായി.
അതേസമയം, സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സികള്‍ യാത്രക്കാര്‍ക്ക് ഓഫറുകളും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷനും ഇന്‍സെന്റീവും വാഗ്ദാനം ചെയ്ത് കളംപിടിച്ചു. ഇതോടെ പദ്ധതിക്കായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയ ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും കേരള സവാരിയെ കൈയൊഴിയുകയായിരുന്നു. തിരുവനന്തപുരം ഐ.എം.ജിയില്‍ വെച്ചായിരുന്നു രെജിസ്റ്റര്‍ ചെയ്ത ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കിയത്. ഇതിനും ലക്ഷങ്ങളാണ് ചെലവായത്. ഡ്രൈവര്‍മാര്‍ക്ക് ട്രെയ്‌നിംഗും നല്‍കി വിട്ടതോടെ പദ്ധതി വന്‍ ലാഭകരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ആപ്പു വഴി ഒറ്റ കസ്റ്റമറെ മാത്രം കിട്ടിയ ടാക്‌സി ഡ്രൈവര്‍മാര്‍ തലസ്ഥാന നഗരത്തിലുണ്ട്.
കോടികള്‍ മുടക്കി ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ എടുക്കാത്തതാണ് പദ്ധതി പൊളിയാന്‍ കാരണമായത്. മാത്രമല്ല, പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനക്കനുസരിച്ചുള്ള ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാത്തതും തിരിച്ചടിയായി. പ്രതിമാസം ശരാശരി പത്ത് ലക്ഷം രൂപ പ്രവര്‍ത്തനച്ചെലവുള്ള പദ്ധതി നിലനിര്‍ത്താന്‍ പ്രീപെയ്ഡ് സ്റ്റാന്റുകളിലെ നിരക്കെങ്കിലും ഈടാക്കാന്‍ അനുവദിക്കണമെന്ന തൊഴില്‍ വകുപ്പിന്റെ ആവശ്യവും ഗതാഗത വകുപ്പ് അംഗീകരിച്ചില്ല. ഇതോടെയാണ് പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ തൊഴില്‍ വകുപ്പിനും താല്‍പ്പര്യം കുറഞ്ഞു.
എന്നാല്‍, തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തില്‍ഇതു സംബന്ധിച്ച് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പദ്ധതി നടത്തിപ്പ് ഏജന്‍സിയായ തൊഴില്‍ വകുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തി സ്വന്തം നിലയ്ക്ക് നിരക്ക് നിശ്ചിക്കാനാണ് ധാരണയെടുത്തത്. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളോട് കിടപിടിക്കും വിധം ആപ്ലിക്കേഷന്‍ ആധുനികവത്കരിച്ചും നിരക്ക് കാലാനുസൃതമായി പുതുക്കിയും പദ്ധതി വൈകാതെ പുനരാരംഭിക്കുമെന്നാണ് തൊഴില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.
പദ്ധതിയുടെ ഭാഗമാകുന്ന വാഹനങ്ങള്‍ക്ക് ഓയില്‍, വാഹന ഇന്‍ഷുറന്‍സ്, ടയര്‍, ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും തൊഴില്‍ വകുപ്പ് അധികൃതര്‍ പറയുന്നു. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ്, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. വാഹനങ്ങളില്‍ പരസ്യം നല്‍കി വരുമാന വര്‍ധന ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും തൊഴില്‍ വകുപ്പ് പറയുന്നുണ്ട്. പ്രാബല്യത്തിലായാല്‍ പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.
ബഹുരാഷ്ട്ര കമ്പനികള്‍ നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിന് തടയിട്ട് വിജയക്കൊടി നാട്ടാന്‍ സംസ്ഥാന സര്‍ക്കാരിനാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ബഹുരാഷ്ട്രാ കുത്തകകളെ വെല്ലു വിളിക്കുമ്പോള്‍, അതിനു പോന്ന പദ്ധതിയും മാനവ വിഭവ ശേഷിയും ഉണ്ടാക്കണമെന്നത് ബാലപാഠമാണ്. സ്വകാര്യ കമ്പനികള്‍ നടത്തി വിജയിക്കുന്ന പദ്ധതികളുടെ പിന്‍പറ്റി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതികളെല്ലാം പച്ചതൊടാതെ പൊട്ടുന്നത് ഇതു കൊണ്ടാണ്. ഓലയും, ഊബറും ഓണ്‍ലൈന്‍ ടാക്‌സി സവാരി തുടങ്ങിയതോടെ സര്‍ക്കാരിനും ഇരിക്കപ്പൊറുതി ഇല്ലാതായി. ഇതോടെയാണ് സെക്രട്ടേറിയറ്റിലെ ഗുമസ്തപ്പണിക്കാരനായ ഏതോ ഐ.എ.എസുകാരന്‍ കുത്തിയിരുന്ന് തയ്യാറാക്കിയ പ്രോജക്ടുമായി തൊഴില്‍ വകുപ്പ് ചാടിയിറങ്ങിയത്.
എന്നാല്‍, പദ്ധതിയിയിലേക്ക് ചാടിയ വേഗതയില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തിനാകെ മാതൃകയാകുമെന്ന രീതിയിലായിരുന്നു പദ്ധതി കൊണ്ടുവന്നത്. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണ് കേരള സവാരി സ്‌കീം.നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ ചൂഷണമില്ലാത്ത ഒരു വരുമാന മാര്‍ഗം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഉറപ്പിക്കാന്‍ തൊഴില്‍ വകുപ്പ് ആലോചിച്ചു നടപ്പാക്കിയ പദ്ധതിയുടെ ചരമ വാര്‍ഷികത്തിനെങ്കിലും വിചിന്തനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകതയെന്നായിരുന്നു പ്രത്യേകത. പദ്ധതി പോലും സുരക്ഷിതമായി നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, യാത്രക്കാര്‍ക്ക് എന്തു സുരക്ഷയാണ് കൊടുക്കുന്നത്. ഓരോ ഡ്രൈവര്‍ക്കും പോലീസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും. സവാരിയുടെ ആപ്പ് പ്ലേ സ്റ്റോറില്‍ (play store ) ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി കേരള സവാരി ആപ്പില്‍(Kerala Savari app) പാനിക്ക് ബട്ടണ്‍ (panic button) സംവിധാനമുണ്ട്. ഡ്രൈവര്‍ക്കോ യാത്രികര്‍ക്കോ പരസ്പരം അറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനാകും. ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സേവനം വേഗത്തില്‍ നേടാന്‍ ഇത് ഉപകരിക്കും.
കേരളാ സവാരി പദ്ധതിയില്‍ തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെടും. കേരള സവാരിക്കു വേണ്ടി ഒരു വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. https://keralasavaari.kerala.gov.in/. കേരള സവാരി പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനവും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാനും സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ ഈ നമ്പര്‍ നിലവിലുണ്ടോ എന്നു പോലും സംശയമാണ്. അഥവാ ഉണ്ടെങ്കില്‍ പരാതികളുടെ പ്രളയമായിരിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കേരള സവാരി ആപ്പ് 2022 ഓഗസ്റ്റ് 17ന് അര്‍ദ്ധരാത്രി മുതല്‍ പ്ലേസ്റ്റോറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നതാണ്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 541 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 22 പേര്‍ വനിതകളാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്. പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് നല്‍കിയിരുന്ന സാങ്കേതിക സഹായങ്ങള്‍ വലിയ മെച്ചമില്ലാത്തതാണെന്ന ആക്ഷേപവുമുണ്ട്. എന്തായാലും നടക്കാതെ പോയ പദ്ധതിയുടെ പേരില്‍ പൊടിച്ചത് 25 കോടി രൂപയാണ് എന്നതാണ് സത്യം. മെട്രോ മാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ലൈറ്റ് മെട്രോ നടപ്പാക്കുന്നതിനു വേണ്ടി ഡി.എം.ആര്‍.സിക്ക് ഓഫീസ് തുറക്കാനും, പ്രാഥമിക സര്‍വേ നടത്താനുമൊക്കെയായി 50 കോടിയില്‍ കൂഡടുതല്‍ തുക ടെലവഴിച്ചിരുന്നു.
ഈ പദ്ധതിയും കോള്‍ഡ് സ്‌റ്റോറേജിലേക്ക് മാറ്റപ്പെട്ടതോടെ ഡി.എം.ആര്‍.സി ഓഫീസും പൂട്ടി തിരിച്ചു പോയി. ഇതോടെ ചെവലവാക്കിയ 50 കോടി വെള്ളത്തിലായി. മോണോ റെയില്‍-മെട്രോ റെയില്‍ നടപ്പാക്കുന്നതിനായി സാധ്യതാ പഠനവും, ഡി.പി.ആര്‍ തയ്യാറാക്കലുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് കോടികള്‍ ചെലവിട്ടിരുന്നു. ആ പദ്ധതിയും നടപ്പാകാതെ പോയി. അവസാനം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ചെലഴിച്ചതും കോടികളാണ്. ആ പദ്ധതിയും ഇപ്പോള്‍ അനിശ്ചിതാവസ്ഥയില്‍ ആയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതിയും ഫലം കാണാതെ പോകുന്നതിനു കാരണം എന്താണെന്ന് കണ്ടെത്താന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നത് നല്ലതായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക