ദുബായ്: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.
മുൻ ജീവനക്കാരൻ ചെയ്ത വഞ്ചന കുറ്റത്തിന് കൂട്ട് നിന്നതായി ആരോപിച്ചു ദുബായിലെ പ്രമുഖ ഓട്ടോമേഷൻ കമ്പനി നൽകിയ കേസിൽ ഇദ്ദേഹവും പ്രതി ചേർക്കപ്പെടുകയായിരുന്നു.
2022 – ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനുമായ പ്രതിയുടെ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദിനിൽ. ഇതിനിടയിൽ ബാംഗ്ലൂർ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയിൽ നിന്ന് ജോലി റിസൈൻ ചെയ്തു പോകുകയുണ്ടായി.
എന്നാൽ ജോലിയിൽ പ്രയാസം നേരിട്ട ദിനിൽ ഒന്നാം പ്രതിയുമായി ബന്ധം പുലർത്തുകയും കമ്പനിയുടെ പേരിൽ ഉള്ള ഇമെയിൽ ഐഡിയും പാസ്വേർഡും ഇയാൾക്ക് കൈമാറി കൊണ്ട് ജോലിയിൽ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിക്കുകയുണ്ടായി.
ഇതിനിടയിൽ ഒന്നാം പ്രതി കമ്പനി ഇ – മെയിൽ ഐഡി ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഡൂ ടെലികമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപറ്റി. വിവരമറിഞ്ഞ തൊഴിലുടമ ദിനിൽ ഉൾപ്പടെ ഇരുവർക്കുമെതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി ഒന്നാം പ്രതിയുമായി ബന്ധം പുലർത്തിയിരുന്നതിനാലും കമ്പനിയുടെ ഇ – മെയിലും പാസ്വേർഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിൽ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു.
ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനിൽ കേസുമായി ബന്ധപ്പെട്ട് പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭീമമായ വക്കീൽ ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു.
തുടർന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടു ക്കുകയും ദിനിലിന് സൗജന്യ നിയമസഹായം നൽകുകയും യുഎഇ സ്വദേശി യായ അഭിഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.
അപ്പീൽ കോടതിയിൽ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനിയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും എന്നാൽ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമർപ്പിച്ചിട്ടില്ല എന്നും പരാതിക്കാരനായ കമ്പനിയുടെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും കോടതിയിൽ വിശദമാക്കി.
കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുൻ പരിചയം വിലയിരുത്തുമ്പോൾ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകൻ ചൂണ്ടി കാട്ടി.
പ്രതിചേർക്കപ്പെട്ട ദിനിൽ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയിൽ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഹാജരാക്കിയിട്ടില്ല.
അതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ ആർട്ടിക്കിൾ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണെങ്കിൽ ഓരോ വിധിന്യായത്തിന്റെയും കാരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്, അല്ലാത്ത പക്ഷം അത് അസാധുവാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പത്തിലധികം തവണയാണ് കേസിൽ ഇരുഭാഗങ്ങളും തമ്മിൽ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. തുടർന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീൽ കോടതി കേസിന്റെ നിജസ്ഥിതി മനസിലാക്കുകയും ദിനിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെ വിടാൻ അപ്പീൽ കോടതി ഉത്തരവിട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ