കൊച്ചി : പൂക്കാലത്തേക്കാൾ മനോഹരമായ നിറകാഴ്ചയായി ലുലു ഫ്ളവർ ഫെസ്റ്റ് സമാപനദിനം. പൂക്കൾ കൊണ്ട് അലങ്കരിച്ച ഉടുപ്പുകളുമിട്ട് കൊച്ചുസുന്ദരൻമാരും സുന്ദരികളും റാമ്പിൽ ചുവടുവച്ചത് ഏവരുടെയും ഹൃദയം കവർന്ന്. അത്രയേറെ സുന്ദരമായ വർണകാഴ്ച. കൊച്ചുപൂമ്പാറ്റകൾ പാറിപറന്നെത്തിയ സന്തോഷത്തിലായി കാഴ്ചക്കാർ. ലുലു ഫ്ളവർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ലിറ്റിൽ പ്രിൻസ് – പ്രിൻസസ് ഫാഷൻ ഷോയാണ് പുഷ്പോവത്സവത്തിന്റെ സമാതകളില്ലാത്ത നിറവസന്തം സമ്മാനിച്ചത്.
പരിസ്ഥിതി പ്രധാന്യം കൂടി വിളിച്ചോതിയുള്ള ഷോയിൽ നിരവധി കുരുന്നുകളാണ് ഭാഗമായത്. ആവേശകരമായ മത്സരത്തിനൊടുവിൽ സയാൻ ആസിം ലുലു ലിറ്റിൻ പ്രിൻസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അയ്റ ഇസ്സ എം.എസ് ലിറ്റിൽ പ്രിൻസസ് ആയി. ചടങ്ങിൽ മുഖ്യാതിഥിയായ നടി ശാന്തി മായാദേവി, രാധിക വേണുഗോപാൽ എന്നിവർ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. വിവിധ റൗണ്ടുകളിലായി നടന്ന മത്സരം കുട്ടികൾക്ക് മികച്ച അനുഭവമാണ് നൽകിയത്. റാംമ്പ് വാക്ക് ചോദ്യോത്തരവേളയും അടക്കം അടങ്ങിയതായിരുന്നു റൗണ്ടുകൾ. നടി രാധിക വേണുഗോപാൽ, ബിഗ് ബോസ് താരം വിഷ്ണു ജോഷി, സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സാബി ക്രിസ്റ്റി എന്നിവരടങ്ങിയതായിരുന്നു ജൂറി പാനൽ. മികച്ച പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ചവച്ചതെന്ന് ജൂറി പാനൽ നിരീക്ഷിച്ചു.
ഫെബ്രുവരി 14 ന് തുടങ്ങിയ ഫ്ളവർ ഫെസ്റ്റ് പ്രകൃതിസൗന്ദര്യത്തിൻ്റെ നേർചിത്രമായി മാറി. പുഷ്പ-ഫല-സസ്യങ്ങളുടെ വ്യത്യസ്ഥമായ ശേഖരം, പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യമാർന്ന പുഷ്പങ്ങൾ ഫെസ്റ്റിൽ അവതരിപ്പിച്ചിരുന്നു. അലങ്കാര മത്സ്യപരിപാലത്തിനും അക്വേറിയം നിർമ്മാണത്തിനുമുള്ള പ്രത്യേക പരിശീലനം ഒരുക്കിയിരുന്നു. ചെടിചട്ടി കളിമൺ പാത്ര നിർമ്മാണങ്ങൾക്ക് ശിൽപികൾ നടത്തിയ വർക്ക്ഷോപ്പ് ക്ലാസുകളും പുഷ്പക്രമീകരണത്തിനും ഫ്ളവർ ബൊക്കേ നിർമ്മാണത്തിന് പ്രത്യേക പരിശീലനവും നൽകി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സറികൾ, ഹോർട്ടികൾച്ചറിസ്റ്റുകൾ, വിദഗ്ദ്ധർ , എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു. ഉദ്യാനപരിപാലന രംഗത്തെ വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ, പുഷ്പക്രമീകരണ ക്ലാസുകൾ അടക്കം സജ്ജമാക്കിയായിരുന്നു ലുലു ഫ്ളവർ ഫെസ്റ്റ്. കൊച്ചി ലുലു മാൾ മാനേജർ വിഷ്ണു രഘുനാഥ്, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ ഒ, ഫൺടൂറ പാർക്ക് മാനേജർ സിയാദ് എന്നിവരും ചടങ്ങിൽ ഭാഗമായി.