ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരേയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. സന്ദേശ്ഖാലിയെ മണിപ്പൂരുമായി താരതമ്യം ചെയ്യരുതെന്നും പരമോന്നത കോടതി. വിഷയത്തിൽ കൽക്കട്ട ഹൈക്കോടതി ഇടപെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.
നേരത്തേ, സന്ദേശ്ഖാലി അതിക്രമത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പാർലമെന്ററി സമിതി നടപടികൾ തത്കാലം നിർത്തിവയ്ക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സന്ദേശ്ഖാലി സന്ദർശനത്തിനിടെ തന്നെ ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി സുകാന്ത മജുംദാർ നൽകിയ പരാതിയിലായിരുന്നു ലോക്സഭയുടെ പ്രിവിലെജ് കമ്മിറ്റി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയുൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നീക്കം തുടങ്ങിയത്.
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ സന്ദേശ്ഖാലി അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അലഖ് ആലോക് ശ്രീവാസ്തവയാണു പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ, ഇക്കാര്യം കൈകാര്യം ചെയ്യാൻ ഉചിതം ഹൈക്കോടതിയാണെന്നു സുപ്രീം കോടതി പറഞ്ഞു. തുടർന്നു കോടതിയുടെ അനുമതിയോടെ ഹർജി പിൻവലിച്ചു.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമം സംബന്ധിച്ച കേസുകളിൽ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സഹായം തേടേണ്ട അവസ്ഥയിലാണ് സിബിഐ എന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ഹർജിക്കാരനോട് അനുകമ്പയുണ്ടെങ്കിലും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക എന്നത് വ്യത്യസ്തമാണെന്നായിരുന്നു കോടതിയുടെ മറുപടി. മണിപ്പുരിൽ അന്വേഷണത്തിന് മൂന്നു മുൻ വനിതാ ജഡ്ജിമാരുടെ സമിതി രൂപീകരിച്ചിരുന്നത് ശ്രീവാസ്തവ ഓർമിപ്പിച്ചപ്പോഴാണ് മണിപ്പൂരുമായി താരതമ്യം വേണ്ടെന്നും ഇവിടെ സാഹചര്യം വ്യത്യസ്തമാണെന്നും കോടതി പറഞ്ഞത്.
Read more :
- പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി; രണ്ടുവയസുകാരിയെ കിട്ടിയത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും
- പാകിസ്ഥാൻ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റു മരിച്ചു
- അമിത് ഷാക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ രാഹുൽ നാളെ കോടതിയില്‍ ഹാജരാകും
- അഴിമതിക്കടലിൽ കരിമണൽ : നീതി തേടി കുടുംബങ്ങൾ
- ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധിയിൽ സുപ്രീം കോടതിയെ പരിഹസിച്ച് മോദി
പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന നോർത്ത് 24 പർഗാനാസിൽ ദൻസ നദിയാൽ ചുറ്റപ്പെട്ട ചെറുദ്വീപാണ് സന്ദേശ്ഖാലി. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും ഇവിടെ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഭൂമി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, ആരോപണം ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം. പ്രക്ഷോഭം ശക്തമാകുകയും ഗവർണർ സി.വി. ആനന്ദബോസ് ഇടപെടുകയും ചെയ്തതോടെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാജഹാൻ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക