കരിമണൽ വിവാദത്തിന്റെ പിന്നാമ്പുറക്കഥകൾ കൂടുതലായി പുറത്തുവരുമ്പോൾ, ഈ ഖനനം പടിയിറക്കിയ കുടുംബങ്ങളുടെ കഥയും സമൂഹമനസ്സിൽ ചോദ്യചിഹ്നമാവുന്നു . 2019ൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയ ഖനനാനുമതി, വീണ്ടും അഞ്ചുവർഷം കൂടി കേരളത്തിൽ തുടർന്നു എന്ന വാർത്തയാണ് ഈ മേഖലയിലെ അഴിമതി സംബന്ധിച്ച് അവസാനമായി പുറത്തുവന്നത്.
വർഷങ്ങളായുള്ള ഖനനം മൂലം കുടിയിറങ്ങേണ്ടിവന്ന ആലപ്പാട് ഗ്രാമത്തിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് എന്ത് നീതിയാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി വർദ്ധിക്കുകയാണ്. അറുപതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കി, സർ സോഹൻ റോയ് സംവിധാനം ചെയ്ത ‘ ബ്ളാക്ക് സാൻഡ് (കരിമണൽ) ‘ എന്ന ഡോക്യുമെന്ററിയാണ് ആലപ്പാട്ടെ കുടുംബങ്ങൾക്ക് ലഭിക്കാതെ പോയ ‘നീതി’ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.
എന്നാൽ, കരിമണലിനെക്കുറിച്ചുള്ള അഴിമതിക്കഥകൾ കൂടി ഇപ്പോൾ പുറത്തു വരുന്നതോടെ മനുഷ്യ നിർമ്മിതമാണ് ഈ ദുരന്തം എന്ന് ആരോപണങ്ങൾക്ക് പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. ആലപ്പാട് തീരപ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുമായുള്ള അഭിമുഖം ഈ ഡോക്യുമെന്ററിയിലുണ്ട്.