കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഓള്‍റൗണ്ടറും പരിശീലകനുമായിരുന്ന മൈക്ക് പ്രോക്ടർ (77) അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്നുണ്ടായ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഒരാഴ്ചയോളം അബോധാവസ്ഥയിലായിരുന്നു. ഫാസ്റ്റ് ബൗളറും ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാനുമായ അദ്ദേഹം ഇംഗ്ലീഷ് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
1970കളിൽ വർണവിവേചനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രോക്ടറിന്റെ ഇടപെടൽ പരിമിതമായിരുന്നു. 1970ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ, 1967ൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പുറത്താക്കും മുൻപ് കളിച്ച ഏഴ് ടെസ്റ്റ് മൽസരങ്ങളിൽ ആറിലും അദ്ദേഹത്തിന്റെ മികവ് ടീമിനെ ജയിപ്പിച്ചു. 401 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മൽസരങ്ങളിൽ നിന്നും 21,936 റൺസ് നേടിയ അദ്ദേഹം 48 സെഞ്ച്വറികളും 109 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 1417 വിക്കറ്റുകളും മൈക്ക് പ്രോക്ടർ സ്വന്തമാക്കിയിട്ടുണ്ട്. പിൽക്കാലത്ത് ദക്ഷിണാഫ്രിക്കൻ പരിശീലകനായ അദ്ദേഹം 1992ലെ ലോകകപ്പിൽ ടീമിനെ സെമിഫൈനൽ വരെയെത്തിച്ചു.