തിരുവനന്തപുരം: ഓര്‍മ്മയുണ്ടോ തിരുവനന്തപുരത്തെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല. ഒരു മനുഷ്യനെ നിര്‍ദാക്ഷണ്യം, ഉടുതുണി ഇല്ലാതെ ശരീരമാസകലം ഇരുമ്പു വടികൊണ്ട് ഉരുട്ടി രക്തക്കുഴലുകള്‍ പൊട്ടിച്ച് കൊലപ്പെടുത്തിയത്. ആ നരബലി നടത്തിയ പോലീസുകാരുടെ ഇപ്പോഴത്തെ അവസ്ഥയും, അവരുടെ കുടുംബങ്ങളുടെ ഗതിയും വളരെ പരിതാപകരമാണ്. കേസില്‍ ഉള്‍പ്പെട്ട രണ്ടു പോലീസുകാര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. അതില്‍ ഒരാള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. മറ്റൊരാള്‍ ജയിലിന്റെ ഇരുളറയില്‍ ഇന്നും കഴിയുന്നു. മൂന്നാം പ്രതിയും വിചാരണ വേളയില്‍ മരിച്ചു. ഭര്‍ത്താക്കന്‍മാര്‍ ചെയ്ത കുറ്റത്തിന് യഥാര്‍ഥ ശിക്ഷ അനുഭവിക്കുന്നത് പുറത്ത് അവരുടെ കുടുംബങ്ങളാണ്.
പൊതു സമൂഹത്തില്‍ ഒറ്റപ്പെട്ട്, ഒരു ഗതിയും പരഗതിയുമില്ലാതെ നരകിക്കുന്ന കുടുംബത്തെ പോലീസുകാര്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. ഇവരുടെ കുട്ടികളെ പോലീസുകാരന്റെ മക്കള്‍ എന്നല്ല, കൊലപാതകിയുടെ മക്കളെന്നാണ് മുദ്രകുത്തപ്പെട്ടത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ക്രിമിനലുകളുടെ മക്കള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ശിക്ഷയാണ് ഏറ്റവും വേദനിപ്പിക്കുന്നത്. സംഭവവുമായി പുലബന്ധം പോലുമില്ലാത്ത ഇവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക ശിക്ഷ വിധിച്ചത് ആരാണ്. പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി ശ്രീകുമാര്‍, കെ. സോമന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. കെ. സോമന്‍ വിചാരണ സമയത്ത് മരണപ്പെട്ടതോടെ മറ്റു രണ്ടു പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു.
തടവറയിലായതോടെ ആദ്യമൊക്കെ പോലീസ് സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, പോലീസില്‍ നിന്നും പിരിട്ടു വിട്ടതോടെ ആ സഹയവും ഇല്ലാതായി. ഇതോടെ ഒറ്റപ്പെട്ടു പോയ ഇരുവരും ജയിലറയില്‍ ഒറ്റയ്ക്കു കഴിയുകയാണ്. രണ്ടാം പ്രതിയായ ശ്രീകുമാര്‍ പുകയില ധാരാളമായി ഉപയോഗിക്കുന്നയാളായിരുന്നു. പാന്‍പരാഗും മുറുക്കാനും, തമ്പാക്കുമെല്ലാം സ്ഥിരം ഉഫയോഗിച്ചിരുന്നു. തടവറയില്‍ കഴിയവേ മൂന്നു വര്‍ഷത്തിനു മുമ്പ് ഇയാള്‍ക്ക് മൗത്ത് ക്യാന്‍സര്‍ ബാധിച്ചു. ചുണ്ടുകള്‍ തൂങ്ങിപ്പോയി. നാക്കും വെളിയിലേക്ക് തൂങ്ങി വ്രണമായി. പേപ്പട്ടിയെപ്പോലെ ഉമിനീര് വായില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഭീകര അവസ്ഥയിലായിരുന്നു ഇയാളെ ജയിലില്‍ കണ്ടിരുന്നതെന്ന് ജയില്‍ വാര്‍ഡന്‍മാര്‍ പറയുന്നു.
മരണത്തിനോടടുത്തുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ശ്രീകുമാറിനെ ആശുപത്രി സെല്ലിലേക്കു മാറ്റി. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ നല്‍കാനാകുമോയെന്ന് ആലോചിച്ചെങ്കിലും പിന്നീട് കുടുംബാംഗങ്ങള്‍ക്കൊപ്പം വിടാനുള്ള തീരുമാനം ഉണ്ടായെന്നാണ് സൂചനകള്‍. കൂടുതല്‍ ദിവസം ജീവിക്കില്ലെന്ന മെഡിക്കല്‍ ഉറപ്പില്‍ ശ്രീകുമാറിനെ ചികിത്സ നല്‍കാന്‍ വിടുകയായിരുന്നു. പക്ഷെ, മൂന്നു വര്‍ഷത്തിനു മുമ്പ് അതി ദാരുണമായാണ് ശ്രീ കുമാറിന്റെ മരണം സംഭവിച്ചതെന്ന് അയാളുടെ നാട്ടിലെ കൂട്ടുകാര്‍ പറയുന്നു. അവസാന നാളുകളില്‍ ശ്രീകുമാറിനെ കാണാന്‍ പോലും ഭയമായിരുന്നുവെന്നാണ് നെയ്യാറ്റിന്‍കരയിലെ സുഹൃത്തുക്കള്‍ പറയുന്നത്. ജിത കുമാറിന്റെ അവസ്ഥയും വ്യത്യസ്തമല്ലെന്നാണ് അറിയുന്നത്.
ജീവിതത്തില്‍ പുറത്തിറങ്ങാന്‍ കഴിയാനാകാത്ത വിധിയായതിനാല്‍ മരണം മാത്രമാണ് ഇനി പുറത്തിറങ്ങാന്‍ ഏകവഴി. മൃതദേഹമായി മാത്രമേ ജയിലില്‍ നിന്നും ജിതകുമാറിന് പുറത്തു വരാനാകൂ. കൂട്ടുപ്രതികളായ രണ്ടു പേരും അകാലത്തില്‍ മരണപ്പെട്ടു. ഇനി താന്‍ മാത്രം ബാക്കിയുണ്ടെന്ന ചിന്തകളും ജിതകുമാറിനെ വല്ലാതെ അലട്ടുന്നുണ്ട്. ജയിലില്‍ മറ്റാരുമായും ബന്ധമില്ലാതെ കഴിയുന്ന ഇയാളുടെ ശാരീരികവും മാനസികവുമായ വ്യത്യാസം മനസ്സിലാക്കാനാകുമെന്നും ജയില്‍ വാര്‍ഡന്‍മാര്‍ പറയുന്നുണ്ട്. ഒരു പാവം മനുഷ്യനെ ഉരുട്ടിക്കൊന്നതിന് ഇതിലും വലിയ ശിക്ഷയില്ല. ഇപ്പോള്‍ ആറു വര്‍ഷമായി ശിക്ഷയനുഭവിക്കാന്‍ തുടങ്ങിയിട്ട്. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുന്നത്.
സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു. പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി ശ്രീകുമാര്‍, കെ. സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രം. 2018 ജൂലായ് 25നാണ് പ്രതികള്‍ക്കെതിരെ കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്നാം പ്രതി ജിതകുമാര്‍ രണ്ടാം പ്രതി ശ്രീകുമാര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അജിത് കുമാര്‍, ഇകെ സാബു എന്നിവര്‍ക്ക് ആറ് വര്‍ഷം തടവു ശിക്ഷയും വിധിച്ചു.
കേസിലെ മൂന്നാം പ്രതി വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു. പിഴ തുകയായ് നാല് ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കണമെന്നും സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. ഉരുട്ടിക്കൊലക്കേസിലെ അജിത് കുമാറും, സാബുവും ശിക്ഷകഴിഞ്ഞ് ഉടന്‍ പുറത്തിറങ്ങും. പക്ഷെ, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്റെ ആ ദുഷ്‌പ്പേര് ഇന്നും വിട്ടു പോയിട്ടില്ല. എങ്കിലും മാറിവന്ന പോലീസുകാരും, മാറ്റം വന്ന പോലീസ് നയങ്ങളും കുറച്ചൊക്കെ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. ദുഷ്‌പ്പേരുകളുടെ ഘോഷയാത്രയ്ക്ക് അറുതി വന്നിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. പിശാചിന്റെ കോട്ട പോലെയാണ് അങ്ങോട്ടു പോകുന്നവര്‍ ആ സ്‌റ്റേഷനെ ഒരു കാലത്ത് കണ്ടിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക