കുറ്റ്യാടി : പ്രശസ്ത പാചകവിദഗ്ധന്‍ സജിത്രന്‍ കെ. ബാലന്‍ (44) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം. കോഴിക്കോട് കെ.പി.എം. ട്രൈപെന്റ ഹോട്ടലില്‍ എക്‌സിക്യുട്ടീവ് ഷെഫായി ജോലി ചെയ്തുവരുകയായിരുന്നു. കുണ്ടുതോട് സ്വദേശിയാണ്.ടി.വി. ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു.
കല-സാംസ്‌ക്കാരിക മേഖലകളിലും സജീവമായിരുന്നു. ഇന്ത്യക്കകത്തും പുറത്തും നക്ഷത്ര ഹോട്ടലുകളില്‍ ഷെഫായി ജോലിചെയ്തിട്ടുണ്ട്. ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ആല്‍ബങ്ങള്‍ എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്.
ചാനലുകളില്‍ സംപ്രേഷണം ചെയ്തിരുന്ന പച്ചമുളക്, ട്രീറ്റ് കുക്കറി ഷോ, മൈ സൂപ്പര്‍ ഷെഫ് തുടങ്ങിയ പരിപാടികളിലൂടെശ്രദ്ധിക്കപ്പെട്ടിരുന്നു. ബേസിക് നോളജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ദ വോയ്സ് ഓഫ് വയനാട് തുടങ്ങിയ ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളായ സ്വര്‍ഗം ഭൂമിയില്‍ തന്നെ, ഔട്ട് ഓഫ് റെയ്ഞ്ച് ദ ലോസ്റ്റ് ചൈല്‍ഡ് എന്നിവയുടെ സംവിധായകനുമായിരുന്നു.
മയൂര റെസിഡന്‍സി, വൈശാഖ് ഇന്റര്‍നാഷണല്‍, പാരമൗണ്ട് ടവര്‍, മലബാര്‍ ഗേറ്റ്, മലബാര്‍ റെസിഡന്‍ സി, റീജിയണ്‍ ലെയ്ക്ക് പാലസ്, ഹോട്ടല്‍ ഹില്‍പാലസ്, വയനാട് റീജന്‍സി, നെല്ലറ ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്, റാമി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് തുടങ്ങിയവയില്‍ കോര്‍പ്പറേറ്റ് ഷെഫായും എക്‌സിക്യുട്ടീവ് ഷെഫായും ജോലിചെയ്തിട്ടുണ്ട്. ഭാര്യ: വിനീത. മകന്‍: ഫിദല്‍. അച്ഛന്‍: പരേതനായ കുട്ടിക്കുന്നുമ്മല്‍ ബാലന്‍, അമ്മ: പരേതയായ കല്യാണി. സഹോദരന്‍: സജി.