ആടും കോഴിക്കൂടും പിന്നെ ഗവര്‍ണറും: രാജ്ഭവനോ ഫാം ഹൗസോ

തിരുവനന്തപുരം: പോഷകാഹാരക്കുറവ് വരാതിരിക്കാന്‍ പാലും, മുട്ടയും നിര്‍ബന്ധമാണ് ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാന്. അതുകൊണ്ട് രാജ്ഭവനില്‍ സ്വന്തമായി ആടുകളെയും കോഴികളെയും വളര്‍ത്തുന്നുണ്ട് അദ്ദേഹം. രാജ്ഭവനിലെ ആട്ടിന്‍കൂടും, കോഴിക്കൂടും ഹൈടെക്കാണ്. അതുകൊണ്ടുതന്നെ കൂടുകള്‍ പരിപാലിക്കാന്‍ വലിയ ചെലവുണ്ട്. രാജ്ഭവനിലെ ആട്ടിന്‍കൂടും കോഴി കൂടും പരിപാലനത്തിനായി 3.24 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. 2023 ഡിസംബര്‍ 28 നുള്ളില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം എന്നാണ് ടെണ്ടറില്‍ പറഞ്ഞിരിക്കുന്നത്. കോഴിക്കൂടിന്റെയും ആട്ടിന്‍കൂടിന്റെയും പരിപാലന പ്രവര്‍ത്തനങ്ങള്‍ രാജ്ഭവനില്‍ പൂര്‍ത്തിയായി എന്നാണ് ലഭിക്കുന്ന സൂചന. 

രാജ് ഭവനിലെ ആടുകളും കോഴികളും വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുന്നത് അല്ലാത്തതുകൊണ്ട് ഇവയുടെ എണ്ണം തീരെ കുറവായിരിക്കും. അങ്ങനെയെങ്കില്‍ ഇവയുടെ കൂടുകളുടെ വലിപ്പവും താരതമ്യേന ചെറുതായിരിക്കും. ഈ കൂടുകള്‍ പരിപാലിക്കാനാണ് 3.24 ലക്ഷം രൂപ ചെലവിടുന്നത് എന്നതാണ് അത്ഭുതം. കടം പെരുകി ക്ഷേമം പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത ഗതികേടില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ധൂര്‍ത്തുകള്‍ക്ക് അറുതിയില്ലെന്നതാണ് ഇതെല്ലാം കാണിക്കുന്നത്. 

സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ച് വാചാലനമാകുന്ന ഗവര്‍ണര്‍ തന്നെ ആടിനും കോഴിക്കും പരിപാലന ചെലവിനത്തില്‍ ലക്ഷങ്ങള്‍ വാങ്ങുകയാണ്. ഇങ്ങനെ വാങ്ങുന്ന ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാന്‍ എന്തവകാശമാണുള്ളത് എന്ന ചോദ്യം പ്രസക്കതമാവുകയാണ്. മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചെലവിട്ടാണ് ക്ലിഫ് ഹൗസിലെ പശുത്തൊഴുത്ത് അത്യാധുനികമാക്കിയത്. പശുത്തൊഴുത്ത് എ.സി ആക്കിയെന്നും പ്രചാരണമുയര്‍ന്നു. ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂള്‍ മുതല്‍ പൂന്തോട്ട നവീകരണം വരെ ധൂര്‍ത്തിന്റെ ഭാഗമാണെന്ന കടുത്ത വിമര്‍ശമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. 

എന്നാല്‍, ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുകയെല്ലാം വളരെ കൃത്യമായി ധൂര്‍ത്തടിക്കാതെ ചെലവാക്കിയെന്ന വിശ്വാസമൊന്നും കേരളീയര്‍ക്കില്ല. ആടുവളര്‍ത്തലും, കോഴി വളര്‍ത്തലുമൊക്കെ ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. പക്ഷെ, പാവപ്പെട്ടവരും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെ രാജ്ഭവനിലെയും ക്ലിഫ് ഹൗസിലെയും തൊഴുത്തുകള്‍ പരിപാലിക്കാന്‍ പണം അനുവദിക്കുമ്പോഴാണ് പ്രശ്‌നം. രാജ്ഭവനിലെ ആടിന്റെയും കോഴിയുടെയും കൂടുകള്‍ പരിപാലിക്കാന്‍ ചെലവഴിക്കുന്ന തുക കൊണ്് എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കാം എന്ന് മനസ്സിലാക്കണം. ഈ തുക ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കണമെന്ന് ഒരാളും ആവശ്യപ്പെടുകയുമില്ല.

ഗവര്‍ണര്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 43 ലക്ഷം രൂപയാണ് അധികമായി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയത്. 2023 – 24ല്‍ 12.52 കോടി രൂപയായിരുന്നു രാജ്ഭവന്റെ ബജറ്റ് എസ്റ്റിമേറ്റ്. ഇത്തവണ അത് 12.95 കോടി രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക ചെലവ്, വൈദ്യ സഹായം, സഞ്ചാര ചെലവുകള്‍, രാജ്ഭവനിലെ ശമ്പളം എന്നീ ഇനങ്ങളില്‍ ആണ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വകയിരുത്തിയത്. ധന പ്രതിസന്ധിക്കിടയിലും ഗവര്‍ണറോട് പിണറായി വിജയന് പ്രത്യേക കരുതലാണ് ഇത് കാണിക്കുന്നത്. പരസ്പരം കൊമ്പ് കോര്‍ക്കുമ്പോഴും ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിലും അധികം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. 

2024-25ല്‍ രാജ്ഭവന്റെ ചെലവുകള്‍ക്കായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്‍കിയ തുക ഇങ്ങനെ: 

1 ഗവര്‍ണറുടെ ശമ്പളം – 42 ലക്ഷം
2 ഗവര്‍ണര്‍ക്ക് ഇഷ്ടാനുസരണം ചെലവഴിക്കാന്‍ – 25 ലക്ഷം
3 ഗാര്‍ഹീക ചെലവ്- 4.21 കോടി 4.വൈദ്യസഹായം – 50.62 ലക്ഷം
5 മനോരജ്ഞന ചെലവ് ( എന്റര്‍ടെയിന്‍മെന്റ് എക്‌സ്‌പെന്‍സ്) – 2 ലക്ഷം
6 കരാര്‍ ചെലവ്- 10 ലക്ഷം
7 സഞ്ചാര ചെലവ് – 13 ലക്ഷം
8. രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളം – 7.31 കോടി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക