സൂറിച്ച് (സ്വിറ്റ്സർലൻഡ്): ഫുട്ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാർഡുകള്‍ക്ക് പിന്നാലെ നീലക്കാർഡും അവതരിപ്പിക്കുന്നു.ഫുട്ബോള്‍ നിയമനിർമാണ സംഘടനയായ രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷൻ ബോർഡ് (ഐ.എഫ്.എ.ബി.) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് എതിരെയാണ് നീലക്കാർഡ് പ്രയോഗിക്കുക. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് ഉപയോഗിക്കുക.
എതിർ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാർഡ് പ്രയോഗിച്ചേക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നത്. ഒരു വർഷത്തോളം ഇത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രയോഗിക്കുകയെന്നാണ് റിപ്പോർട്ട്.
പദ്ധതിപ്രകാരം, ബ്ലൂകാർഡ് കിട്ടുന്ന താരം ശിക്ഷാ നടപടിയുടെ ഭാഗമായി പത്ത് മിനിറ്റോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. താഴേത്തട്ടിലുള്ള ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്ലൂ കാർഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം കാർഡ് കിട്ടുന്ന താരങ്ങള്‍ പത്തു മിനിറ്റ് പുറത്തിരിക്കേണ്ടിവരും. എന്നാല്‍ മേല്‍ത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോർട്ട്. ഇവ തത്കാലം പ്രാബല്യത്തില്‍ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫിഫയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.