എറണാകുളം: ഉദയംപേരൂരിൽ സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുന്ന രണ്ടുപേർ ഉദയംപേരൂർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി പുതുപ്പാട് പുത്തൻവീട്ടില്‍ അനസ് (28), ഇടുക്കി ഉടുമ്ബൻചോല വട്ടപ്പാറ ഇടയാടിക്കുഴിയില്‍ ലാല്‍ മോഹൻ (34) എന്നിവരെയാണ് ഉദയംപേരൂർ ഇൻസ്പെക്ടർ ജി. മനോജ്, എസ്.ഐ. പി.സി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം, കോട്ടയം, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലായി സമാനമായ 15 ഓളം കേസുകളില്‍ പ്രതിയാണ് അനസ്. ലാല്‍ മോഹൻ മുമ്ബ് ഒരു കേസില്‍ പ്രതിയാണ്. ജയിലില്‍വെച്ചുള്ള പരിചയത്തിലാണ് ഇവർ ഒരുമിച്ച് കവർച്ചയ്ക്കിറങ്ങിയത്. എറണാകുളം ഇടപ്പള്ളിയില്‍ വാടക വീട്ടിലാണ് താമസിച്ചു വന്നതെന്നും പോലീസ് പറഞ്ഞു.
സ്കൂട്ടർ വാടകയ്ക്കെടുത്ത് അതിന്റെ നമ്പർ പ്ലേറ്റില്‍ മാറ്റം വരുത്തിയാണ് ഇവർ കവർച്ച നടത്തി വന്നത്. കഴിഞ്ഞ ഡിസംബർ 12-ന് ഉദയംപേരൂർ കൊച്ചുപള്ളി ബി.എസ്.എൻ.എല്‍. റോഡിലൂടെ പോകുകയായിരുന്ന ഒരു സ്ത്രീയുടെ മാല ഇവർ പൊട്ടിച്ചിരുന്നു. ഈ കേസില്‍ സി.സി.ടി.വിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായതെന്നും കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.