കൊല്ലം: രാജ്യത്ത് കുറഞ്ഞ പലിശയ്ക്ക് ലഭിക്കുമായിരുന്ന വായ്പ വലിയ പലിശയ്ക്ക് വിദേശത്ത് നിന്നും കിഫ്ബിയുടെ പേരില്‍ വാങ്ങിയതിനാണ് തോമസ് ഐസക്കിനെതിരെ ഇഡി നടപടിയെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മസാല ബോണ്ട് എന്ന പേരില്‍ വാങ്ങിയ വായ്പ ഉത്പാദനപരമല്ലാത്ത കാര്യങ്ങള്‍ക്കായി വിനിയോഗിച്ചതിനും ഐസക്ക് മറുപടി പറയേണ്ടി വരുമെന്നും കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിന് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് പോകുന്നത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ജനങ്ങളോട് മാപ്പ് പറയണം.
മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയില്‍ പോയി സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണ്. അതിന്റെ പണം എകെജി സെന്റര്‍ എടുക്കണം. എട്ട് വര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരാണ് കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്ര മോദിക്ക് വലിയ സ്വീകാര്യത കേരളത്തിലുണ്ട്. മോദിയുടെ ഗ്യാരണ്ടി ജനങ്ങള്‍ ഏറ്റെടുത്തു. അതു കൊണ്ടാണ് എല്‍ഡിഎഫും യുഡിഎഫും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കൃത്യമായ മറുപടി കേന്ദ്രം കൊടുത്തു. വായ്പാ പരിധി വെട്ടിക്കുറച്ചുവെന്നാണ് പ്രധാനപ്പെട്ട ആരോപണം. കിഫ്ബി ബജറ്റില്‍ പറയാത്ത കാര്യങ്ങള്‍ക്കാണ് വായ്പ്പയെടുക്കുന്നത്. ഇത് നടപ്പുള്ള കാര്യമല്ല. പിരിക്കേണ്ട ടാക്‌സ് സംസ്ഥാനം പിരിക്കുന്നില്ല. അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത പിണറായി വിജയനുണ്ടെങ്കില്‍ ദില്ലിയില്‍ സമരം ചെയ്യാന്‍ പോകും മുമ്പ് ഇതൊക്കെ പറയണം. സംസ്ഥാനത്ത് ഒരു പദ്ധതിക്കും മോദി സര്‍ക്കാര്‍ പണം കൊടുക്കാതിരുന്നിട്ടില്ല. ഒരു പദ്ധതിയും കേന്ദ്രത്തിന്റെ കുറ്റം കൊണ്ട് മുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ അല്‍പ്പം ധാര്‍മ്മികതയുണ്ടെങ്കില്‍ കേന്ദ്രം അവഗണിച്ചോയെന്ന് പറയണം.
കശുവണ്ടി തൊഴിലാളികളുടെ കാര്യത്തില്‍ ബാലഗോപാല്‍ എന്ത് ചെയ്തു? റബറിന് 180 രൂപയാക്കിയെന്ന് പറയുന്നത് കബളിപ്പിക്കലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു കഴിഞ്ഞു. കേരള ഗവര്‍ണര്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ വാഹനം ഇടിച്ചു കയറ്റി. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ഒരാളാണ് ഇത് ചെയ്തത്. അയാള്‍ക്ക് ആയിരം രൂപ മാത്രമാണ് പിഴയിട്ടത്. പിഴ മാത്രം ഇട്ട് പ്രതിയെ പുറത്തിറങ്ങാന്‍ അനുവദിക്കാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തത്? ഇത് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കണം. കേരളത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. മുഖ്യമന്ത്രി രാജാവിനെ പോലെ പെരുമാറുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക