ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിനു നിർബന്ധിത റജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി ഹർജിക്കാരനു നിർദ്ദേശം നൽകി. തമിഴ്നാട് സ്വദേശി കെ.കെ. രമേഷാണ് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. ജസ്റ്റിസുമായാ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അമർനാഥ് തീർഥാടകർക്കുള്ളതു പോലെ ശബരിമലയിലും തീർഥാടകർക്കു മുൻകൂട്ടി റജിസ്ട്രേഷൻ നിർബന്ധമാക്കണം, തിരക്ക് ഒഴിവാക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയാറാക്കണം എന്നിവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.എന്നാൽ, കാര്യങ്ങൾ പഠിച്ചു വേണം ഇത്തരം ഹർജികൾ നൽകാൻ എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. തിരുപ്പതിയിലും വൈഷ്ണോ ദേവി ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയെന്നു നോക്കൂ. ഗുരുദ്വാരകൾ സന്ദർശിക്കൂ. എത്ര ഭംഗിയായാണു സുവർണ ക്ഷേത്രത്തിലും മറ്റും തീർഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.