തിരുവനന്തപുരം:യാഥാർഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ വിശ്വാസ്യതയെയാണു ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ തകർത്തതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്റെ പവിത്രത മന്ത്രി നഷ്ടപ്പെടുത്തി. ബജറ്റ് രേഖകള്‍ക്ക് പവിത്രതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ വിമർശനത്തിന് വേണ്ടിയുള്ള രേഖയാക്കി ബജറ്റ് ഡോക്യുമെന്റിനെ മാറ്റിയെന്നും സതീശൻ വിമർശിച്ചു.
“ബജറ്റ് രേഖയെ തരംതാഴ്ത്തി. ആദ്യംമുതൽ അവസാനം വരെ രാഷ്ട്രീയ വിമർശനമാണ്. പ്രതിപക്ഷത്തെ വിമർശിക്കാൻ വേണ്ടിയുള്ള ഡോക്യുമെന്റാണോ ബജറ്റ് ?. രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയും രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയും ബജറ്റ് ഡോക്യുമെന്റിന്റെ മുഴുവൻ പവിത്രതയും ഇല്ലാതാക്കി’’–സതീശൻ വിശദീകരിച്ചു. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചാണു ബജറ്റിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്നത്. കൊച്ചി മെട്രോയെക്കുറിച്ചും വാട്ടർ മെട്രോയെക്കുറിച്ചും സർക്കാർ അഭിമാനം കൊള്ളുകയാണ്. ഇതെല്ലാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന പദ്ധതികളാണെന്നും സതീശൻ ഓർമിപ്പിച്ചു.