ന്യൂഡൽഹി∙ ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എഎപി മന്ത്രി അതിഷിയുടെ വസതിയിൽ. ബിജെപിയുടെ പരാതിയിൽ നോട്ടിസ് കൈമാറുന്നതിനാണ് ഉദ്യോഗസ്ഥർ മന്ത്രിയുടെ വസതിയിലെത്തിയത്. എഎപി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന് എഎപി ആരോപണമുന്നയിച്ചിരുന്നു. ഏഴ് എംഎൽഎമാരെ ബിജെപി സമീപിച്ചെന്നും 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു ആരോപണം.
എന്നാൽ ഇതു തള്ളിയ ബിജെപി, തങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയാണ് എഎപി എന്നു കാണിച്ച് ഡൽഹി ക്രൈംബ്രാഞ്ചിൽ പരാതി നൽകി. ഈ പശ്ചാത്തലത്തിലാണ് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അതിഷിയുടെ വസതിയിലെത്തിയത്.
കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിലും ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.