മലപ്പുറം : ഇന്ത്യയിലെ ഇസ്ലാമിക പ്രസാധനാലയങ്ങളിൽ വിഖ്യാതി നേടിയ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) മലപ്പുറത്തിന്റെ ഹൃദയ ഭാഗത്ത് നടത്തുന്ന മെഗാ പുസ്തകമേള വിദ്യാർത്ഥി യുവജനങ്ങളെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നതിൽ വലിയ പങ്കു വഹിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. ഹുസൈൻ.
ഫെബ്രുവരി 8 മുതൽ 11 വരെ നാല്പതിലധികം പ്രസാധനാലയങ്ങളുടെ പതിനായിരത്തോളം പുസ്തകങ്ങൾ ടൗൺഹാളിൽ പ്രദർശിപ്പിച്ചു കൊണ്ട് ജില്ലയുടെ വൈജ്ഞാനിക നവജാഗരണതിന്ന് മേള ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എച്ച് പുസ്തകങ്ങൾക്ക് പുറമെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങളും വായനക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ പ്രചരണാർത്ഥം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഐപി എച്ച് മേള ജില്ലയുടെ സാംസ്കാരിക പുരോഗതിയിൽ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഅദിൻ അക്കാദമി, അൽ ഹിന്ദ് യൂണിവേഴ്സിറ്റി, ബുഖാരി ദഅവ കോളജ്, മർക്കസ് ഇംഗ്ലീഷ് സ്ക്കൂൾ കൊണ്ടോട്ടി, ഫലാഹിയ അറബിക് കോളജ്, ഇലാഹിയ കോളജ് തിരൂർക്കാട്, വിദ്യാനഗർ പബ്ലിക് സ്കൂൾ, അൽഫാറൂഖ് സ്കൂൾ മുബാറക്ക് ഇംഗ്ലീഷ് സ്ക്കൂൾ എന്നിവ സന്ദർശിച്ച സ്ഥാപനങ്ങളിൽ പ്രധാനമാണ്. പി.ആർ ആന്റ് മീഡിയ കൺവീനർ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ, മുൻ അറബ് ന്യൂസ് റിപ്പോർട്ടർ ഗഫൂർ ചേന്നര, ലൗലി ലത്തീഫ്, ശരീഫ് മൗലവി തുടങ്ങിയവർ പ്രചരണ കാമ്പയിന് നേതൃത്വം നൽകി.