റായ്പുർ:ഭൂമി അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാൻ അനുമതി. ഫെബ്രുവരി 5,6 തീയതികളിലാണ് ഝാർഖണ്ഡിലെ പുതിയ മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്.
റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി നല്‍കിയത്. ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തെ ഇ.ഡി.കസ്റ്റഡിയില്‍ വിട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്നാരോപിച്ച് ഝാർഖണ്ഡിലെ ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് .