ഇസ്രായേൽ പിൻവാങ്ങിയ ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ചകൾ:കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങൾ

വടക്കന്‍ ഗാസയിലെ സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹം കെട്ടിയ നിലയില്‍ കണ്ടെത്തി. കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കേബിളുകള്‍ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കെട്ടുകള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ കറുത്ത ബാഗുകള്‍ കെട്ടിയിരുന്നത്.

ഗസയിലെ ബെയ്ത് ലാഹിയയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമാണ് ഇവിടുത്തെ ഖലീഫ ബിന്‍ സെയ്ദ് എലിമെന്ററി സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ് കെട്ടിയ പ്ലാസ്റ്റിക് കേബിളില്‍ ഹീബ്രു ഭാഷയിലുള്ള എഴുത്തുകളുമുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കണ്ണുകള്‍ കെട്ടി, കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന അജ്ഞാത മൃതദേഹങ്ങളില്‍ പലതും. ഡിസംബറില്‍ ബോംബാക്രമണത്തില്‍ തകരുന്നതിനു മുമ്പ് ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയമായിരുന്നു ഈ വിദ്യാലയം. 2010 മുതല്‍ യു.എന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ച വരുന്ന സ്‌കൂളാണിത്.

അതേസമയം ഇസ്രയേല്‍ അധിനിവേശ ഗാസയ്ക്ക് സഹായവുമായി കാനഡയും രംഗത്തെത്തി. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നല്‍കാന്‍ കാനഡ ധനസഹായം പ്രഖ്യാപിച്ചു. 40 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ സഹായമാണ് നല്‍കുന്നത്.
ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയുടെ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചതനുസരിച്ച് വേള്‍ഡ് ഫുഡ് പ്രോഗ്രാം, യുനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ക്കാണ് ഫണ്ട് അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) ജീവനക്കാര്‍ക്ക് ഹമാസ് ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. അതിനു ശേഷമാണ് കാനഡയും അമേരിക്കയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്.
ഫണ്ട് നിഷേധിച്ച സാചര്യത്തില്‍ യു.എന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. ആപല്‍ക്കരമായ നടപടിയാണ് ഫണ്ട് നിഷേധിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. ഇസ്രായേല്‍ ലക്ഷ്യമിടുന്നത് ഗാസയിലെ അന്താരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെയാണെന്ന് ഹമാസ് ആരോപിച്ചു. ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സമൂഹത്തോടും ധനസഹായ വിതരണം നിര്‍ത്തിവെക്കരുതെന്ന് ഇവര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിന് പിന്നാലെയാണ് കാനഡയുടെ ധനസഹായ പ്രഖ്യാപനം വരുന്നത്.