കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നു. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് രാജ് ബി ഷെട്ടി എത്തുന്നത്.
പെപ്പെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലത്ത് പുരോഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്തത്. ചിത്രത്തിന്റെ നിർമ്മാതാവായ സോഫിയ പോൾ അദ്ദേഹത്തെ പുഷ്പഹാരം നൽകിയാണ് സ്വീകരിച്ചത്.
‘ആർ ഡി എക്സ്’ൻ്റ വൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയും കൂടിയാണിത്. ‘ഗരുഡ ഗമന വൃഷഭ വാഹന’ (2021), ‘കാന്താര’ (2022), ‘777 ചാർലി’ (2022), ‘ടോബി’ (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി.
പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ‘രൗദ്ര’മാണ്. മമ്മൂട്ടി നായകനായെത്തുന്ന ‘ടർബോ’യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. ‘ടർബോ’യുടെ സെറ്റിൽനിന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായ് അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്.
പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം എന്ന സവിശേഷതയോടെ എത്തുന്ന ഈ സിനിമ ഓണം റിലീസായി തിയേറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.
റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥയാണ് പറയുന്നത്. 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റാണ് ചിത്രത്തിനായ് ഒരുക്കിയിരിക്കുന്നത്.
കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
READ MORE: ഷെബി ചൗഘട്ടിൻ്റെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ചിത്രീകരണം ആരംഭിച്ചു
കടലിൻ്റെ പശ്ചാത്തലത്തിൽ, പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ചയെന്നോണം ഒരുങ്ങുന്ന ഈ സിനിമ തീരപ്രദേശത്തിൻ്റെ സംസ്ക്കാരവും ജീവിതവും റിയലിസ്റ്റിക്കായ് അവതരിപ്പിക്കുന്നു.
കടൽ പശ്ചാത്തലമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്കവിധമാണ് ചിത്രത്തിൻ്റെ അവതരണം.
എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിലേറെയും കടലിലെ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ‘കെ ജി എഫ് ചാപ്റ്റർ 1’, ‘കാന്താര’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.
നായികയായെത്തുന്നത് പുതുമുഖം താരം പ്രതിഭയാണ്. ഗൗതമി നായരും ഷബീർ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശരത് സഭ, നന്ദു, സിറാജ് (ആർ.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ