ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം, നീലക്കൊടുവേലി വളരുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മലയും കേരളത്തിലെ സഞ്ചാരികള്‍ ആഘോഷമാക്കിയ ഗവിയും എന്നും യാത്രാ പ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങളാണ്.നാടു കണ്ടിട്ടു വേണം ലോകം കാണാനിറങ്ങാൻ എന്നാഗ്രഹിച്ചിരിക്കുന്നവരുടെ യാത്രാ പട്ടികയിലെ കുറച്ചിടങ്ങള് കണ്ടുതീർക്കാനുള്ള സമയം ഇതാ വന്നിരിക്കുകയാണ്.
ചാലക്കുടി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ ഫെബ്രുവരി മാസത്തില്‍ ഒരുക്കിയിരിക്കുന്ന യാത്രകളേതൊക്കെയെന്ന് അറിഞ്ഞാല്‍ തന്നെ ഒരു യാത്ര പോകാൻ ആർക്കും തോന്നിപ്പോകും. നീണ്ട വാരാന്ത്യങ്ങളോ അവധികളോ ഇല്ലാത്ത ഫെബ്രുവരി മാസത്തില്‍ കാസർകോഡ് മുതല്‍ പത്തനംതിട്ട വരെ വ്യത്യസ്തങ്ങളായ യാത്രകളാണ് ചാലക്കുടിയില്‍ നിന്നും പുറപ്പെടുന്നത്.
മഞ്ഞുപെയ്യുന്ന സമയത്ത് തന്നെ പോയി കാണേണ്ട മൂന്നാർ വാഗമണ്‍, കാന്തല്ലൂർ, വട്ടവട, ഗവി, മലക്കപ്പാറ, കൊളക്കുമല, തുടങ്ങിയവ കൂടാതെ ഇല്ലിക്കല്‍ കല്ല്, മാമലക്കണ്ടം, കാസർകോഡ്, സൈലന്‍റ് വാലി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രയുണ്ട്. ഇതു കൂടാതെ അറബിക്കടലിലേക്ക് കപ്പലില്‍ പോകുന്ന സാഗര റാണി ക്രൂസും യാത്രകളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
മലക്കപ്പാറ പാക്കേജ്
ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ യാത്രകള്‍ ചാലക്കുടിയില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് മലക്കപ്പാറയിലേക്കാണ്. ഫെബ്രുവരി 3, 4, 10, 11, 17, 18, 24, 25 എന്നീ തിയതികളില്‍ രാവിലെ 8.00 മണിക്ക് പുറപ്പെട്ട് രാത്രി എട്ടു മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് പോകുന്നത്.
വാഗമണ്‍
ഒറ്റ ദിവസത്തില്‍ വാഗമണ്ണിലെ കാഴ്ചകള്‍ കണ്ടുവരുന്ന പാക്കേജാണിത്. ഫെബ്രുവരി 4, 10, എന്നീ തീയതികളില്‍ രാവിലെ 6.00 ന് പുറപ്പെട്ട് രാത്രി 11.00 മണിയോടെ തിരികെയെത്തും.
സൈലന്റ് വാലി
ഒരു ഡിപ്പോയില്‍ നിന്ന് ഒരു മാസത്തില്‍ ഒരു യാത്ര മാത്രമാണ് സൈലൻറ് വാലിയിലേക്ക് നടത്തുന്നത്. ചാലക്കുടിയില്‍ നിന്നും ഫെബ്രുവരി നാലിനാണ് യാത്ര. പുലർച്ചെ 4.00 മണിക്ക് പുറപ്പെട്ട് രാത്രി 9.00 മണിയോടെ തിരിച്ചെത്തും.
വയനാട്
വയനാട്ടിലെ പ്രധാന കാഴ്ചകളെല്ലാം രണ്ടു ദിവസത്തില്‍ കണ്ട് വരുന്ന വിധത്തിലാണ് ഈ യാത്ര. ഫെബ്രുവരി 9ന് രാത്രി 10.00 മണിക്ക് പുറപ്പെടും.
കാന്തല്ലൂർ
കേരളത്തിലെ കാശ്മീർ എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് കാന്തല്ലൂർ. മൂന്നാറില്‍ നിന്നും 48 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ മൂന്നാറില്‍ നിന്നും മറയൂര്‍ വഴിയും നേരെ ടോപ് സ്റ്റേഷന്‍ വഴിയും എത്തിച്ചേരാം. ഫെബ്രുവരി 11 ന് രാവിലെ 6.00 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി ഒരു മണിയോടെ തിരിച്ചെത്തും.
കൊളുക്കുമല
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടങ്ങളിലൊന്നായ കൊളുക്കുമല ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. ഫെബ്രുവരി 24ന് രാത്രി 9.30ന് പുറപ്പെട്ട് രാത്രി 8.00 മണിയോടെ തിരിച്ചെത്തും.
ഇല്ലിക്കല്‍ കല്ല്
സോഷ്യല്‍ മീഡിയ വഴി താരമായ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. ഫെബ്രുവരി 18ന് രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തും. മൂന്ന് വലിയ പാറക്കൂട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. കൂടക്കല്ല്, സര്‍പ്പക്കല്ല്, കുരിശിട്ട കല്ല് എന്നിങ്ങനെ മൂന്ന് കല്ലുകളാണ് ഇവിടെയുള്ളത്.
സാഗരറാണി സീ ക്രൂസ്
ഈ മാസത്തില്‍ പോകാൻ സാധിക്കുന്ന ഏറ്റവും മികച്ച യാത്രകളില്‍ ഒന്നാണ് കൊച്ചിയിലെ സാഗരറാണി സീ ക്രൂസ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ കീഴില്‍ പ്രവർത്തിക്കുന്ന സാഗരറാണി ക്രൂസ് പത്തു കിലോമീറ്റർ ദൂരം കടലിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന പാക്കേജാണ്. ഫെബ്രുവരി 11ന് രാവിലെ 8.30ന് പുറപ്പെടുന്ന യാത്ര രാത്രിയോടെ മടങ്ങിയെത്തും.
ഇത് കൂടാതെ, ഫെബ്രുവരി 17ന് പുലർച്ചെ 2 മണിക്ക് പുറപ്പെടുന്ന ഗവി യാത്ര, ഫെബ്രുവരി 18ന് പുലർച്ചെ 5.30ന് പുറപ്പെട്ട് രാത്രി ഒരു മണിയോടെ തിരിച്ചെത്തുന്ന വട്ടവട, ഫെബ്രുവരി 24 ന് പുലർച്ചെ അഞ്ചിന് പുറപ്പെടുന്ന കാസർകോഡ് ബേക്കല്‍ കോട്ട യാത്ര, ഫെബ്രുവരി 25 ന് പുറപ്പെടുന്ന രാമക്കല്‍മേട് യാത്ര, ഫെബ്രുവരി 25 ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന മാമലക്കണ്ടം-മൂന്നാർ യാത്ര എന്നിവയാണ് ഈ മാസത്തിലെ മറ്റു യാത്രകള്‍. ബുക്കിങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9074503720, 9747557737 .രാവിലെ 10.00 മുതല്‍ വൈകിട്ട് 6.00 വരെ ബുക്കിങ് നടത്താം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു