കൊച്ചി: പിറവം നഗരസഭാ ചെയർപേഴ്സൺ സ്ഥാനം അപ്രതീക്ഷിതമായി ഇടതുമുന്നണിക്ക് നഷ്ടമായി. ധാരണ പ്രകാരം സിപിഎമ്മിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് സിപിഐക്ക് ചെയർപേഴ്സൺ സ്ഥാനം കൈമാറുന്നതിനായി നടത്തിയ പുനർ തിരഞ്ഞെടുപ്പിനെ തുടർന്നാണ് സ്ഥാനം യുഡിഎഫിന് ലഭിച്ചത്. ഇടത് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിട്ടും ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയും കോൺഗ്രസിലെ ജിൻസി രാജുവിന് നഗരസഭാധ്യക്ഷ സ്ഥാനം ലഭിക്കുകയുമായിരുന്നു.
നഗരസഭയുടെ 27 അംഗ സമിതിയിൽ ഇടത് മുന്നണിക്ക് 14-ഉം യു ഡി എഫിന് 13-ഉം അംഗങ്ങളാണുള്ളത്. ആദ്യ മൂന്ന് വർഷം ചെയർമാൻ സ്ഥാനം സി.പി. എമ്മിനും പിന്നീടുള്ള രണ്ട് കൊല്ലം സി.പി. ഐയ്ക്കും എന്ന വ്യവസ്ഥയിലാണ് ഇടത് മുന്നണി ഭരണം തുടങ്ങിയത്. ഉപാധ്യക്ഷ സ്ഥാനം സി.പി. എമ്മിനാണ്. അത് അഞ്ച് വർഷവും തുടരുമെന്നാണ് വുവസ്ഥ. ഇടത് മുന്നണിയിലെ ധാരണ പ്രകാരം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് (സി. പി. എം) സി.പി. ഐയ്ക്ക് ചെയർപേഴ്സൺ സ്ഥാനം കൈമാറാനായി രാജിവച്ചതിനെ തുടർന്നാണ് ബുധനാഴ്ച പുതിയ അധ്യക്ഷയെ കണ്ടെത്താൻ വോട്ടെടുപ്പ് നടന്നത്.
ധാരണയനുസരിച്ച് സി.പി.ഐ അംഗം അഡ്വ. ജൂലി സാബു ഇടത് മുന്നണി സ്ഥാനാർത്ഥിയായി. കോൺഗ്രസ് അംഗം ജിൻസി രാജു യു.ഡി. എഫ് സ്ഥാനാർത്ഥിയായി വേട്ടെടുപ്പിൽ ഇടത് അംഗം ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായി. ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തെങ്കിലും ബാലറ്റിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്നാണ് അവരുടെ വോട്ട് അസാധുവായത്. തുടർന്ന് ചെയർപേഴ്സണെ തിരഞ്ഞെടുക്കാൻ നറുക്കെടുക്കുകയായിരുന്നു. ഭാഗ്യം യു.ഡി. എഫിലെ കോൺഗ്രസ് അംഗം ജിൻസി രാജുവിനെ തുണച്ചു. ഇതോടെ പിറവത്ത് യു.ഡി. എഫിന്റെ ചെയർമാനും ഇടത് മുന്നണിയുടെ വൈസ് ചെയർമാനുമായി നഗരസഭാ ഭരണംസംവിധാനം മാറി.