ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കുറ്റം നിലനില്ക്കണമെങ്കില് തുടക്കം മുതല്‍ തന്നെ വ്യാജവാദ്ഗാനം നല്കി എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ സമ്മതം നല്‍കിയതെന്ന് തെളിയിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓകയും പങ്കജ് മിത്തലും എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. തനിക്കെതിരെ ചുമത്തിയ ബലാത്സംഗക്കേസ് റദ്ദാക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ഒരാള്‍ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പുരുഷനും സ്ത്രീയും നാല് വര്‍ഷമായി (2013-2017 വരെ) ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. 2018-ല്‍, മറ്റൊരു സ്ത്രീയുമായുള്ള പുരുഷന്റെ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ യുവതി കണ്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടര്‍ന്ന് യുവതി നിയമപരമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് പരാതി നല്കി. എന്നാല്‍ 2017ല്‍ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചുവെന്നാണ് ഇയാള്‍ ആരോപിച്ചു.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതിക്കുമ്പോള്‍ യുവതിക്ക് 18 വയസ്സിന് മുകളിലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നാല് വര്‍ഷത്തോളം ഈ ബന്ധത്തെ യുവതി എതിര്‍ത്തിരുന്നില്ലൈന്നും ഇത്രയും വലിയ കാലയളവിലും സ്ത്രീ നല്കിയ അനുമതിയെ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി പറഞ്ഞു. 2017ല്‍ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ രേഖകളും വിവാഹം കഴിച്ചതായുള്ള പ്രതിയുടെ വാദവും പരിഗണിച്ച കോടതി, വിവാഹം കഴിക്കാമെന്നുള്ള തെറ്റായ വാഗ്ദാനം നില നില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ നിയമ പ്രക്രിയയുടെ ദുരുപയോഗമാകുമെന്നും ആരോപണ വിധേയനായ വ്യക്തിക്കെതിരെ നിയമ നടപടികള്‍ തുടരുന്നത് ഒരു ഫലവും ഉണ്ടാക്കില്ലെന്ന് കോടതി വിലയിരുത്തി.