പഴനി മുരുകൻ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് ദർശനം സത്യവാങ്മൂലം ഇല്ലാതെ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാരിനോടും സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്മെൻ്റ് വകുപ്പിനും ഇത് സംബന്ധിച്ച് നിർദേശം നല്കി. പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും ക്ഷേത്രത്തില്‍ എത്തുന്നവർ ആചാരനുഷ്ഠാനങ്ങള്‍ പാലിച്ച് വേണം പ്രവേശിക്കാനെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
അഹിന്ദുക്കള്‍ക്ക് ദർശനം വിശ്വാസിയാണെന്ന സത്യവാങ്മൂലം ഉണ്ടെങ്കില്‍ മാത്രമേ അനുവദിക്കാവൂ എന്ന് നിർദേശിച്ച കോടതി ഹിന്ദു ദൈവ വിശ്വാസിയല്ലാത്തവർക്കും അഹിന്ദുക്കള്‍ക്കും ക്ഷേത്ര ദർശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകള്‍ പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ നീക്കം ചെയ്തിരുന്നു, ഇത് ചോദ്യം ചെയ്ത് പഴനി സ്വദേശി നല്കിയ ഹർജിയിലാണ് കോടതി നിർദേശം,
ക്ഷേത്രങ്ങള്‍ പിക്നിക് സ്പോട്ടുകളല്ലെന്നും മറ്റ് സമുദായങ്ങളെപ്പോലെ ഹിന്ദുക്കള്‍ക്കും മറ്റ് ഇടപെടലുകള്‍ ഇല്ലാതെ ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിസ് എസ് ശ്രീമതി പറഞ്ഞു. അഹിന്ദുക്കള്‍ ആരെങ്കിലും ക്ഷേത്രത്തില്‍ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അവർ ഹിന്ദുമതത്തിലും ആചാരങ്ങളിലും ക്ഷേത്രദൈവങ്ങളിലും വിശ്വസിക്കുന്നു എന്ന് രേഖാമൂലം ഉറപ്പ് വാങ്ങണമെന്നും ജഡ്ജി ഉത്തരവിട്ടു.
അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം എന്നും കോടതി നിർദേശിച്ചു. ക്ഷേത്രത്തിന്റെ നിയമങ്ങള്‍, ആചാറങ്ങള്‍ എന്നിവ കർനമായി പാലിച്ചുകൊണ്ട് ക്ഷേത്രപരിസരം പരിപാലിക്കണമെന്ന് കോടതി പറഞ്ഞു.