കൊച്ചി: കൊച്ചി വാട്ടർ മെട്രോ നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങാൻ വൈകുന്നു. കൊച്ചി നഗരത്തില്‍ നിന്ന് ദ്വീപ് മേഖലകളിലേക്കുള്ള സർവ്വീസുകളാണ് ബോട്ട് ഇല്ലാത്തതിനാല്‍ തുടങ്ങാത്തത്.മെയ് മാസത്തിനുള്ളില്‍ ഇനി നല്‍കാനുള്ള 11 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ പ്രതികരണം.
ആറ് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരുമായി ഹിറ്റായ വാട്ടർ മെട്രോ. ഒൻപത് സ്റ്റേഷനുകള്‍ തയ്യാറെങ്കിലും സർവ്വീസ് ഉള്ളത് അഞ്ചിടത്ത് മാത്രം. നഗരത്തില്‍ നിന്ന് ദ്വീപ് ഗ്രാമങ്ങളിലേക്കുള്ള വാട്ടർ മെട്രോ സർവ്വീസുകളാണ് സ്റ്റേഷൻ തയ്യാറായിട്ടും തുടങ്ങാത്തത്. ചിറ്റൂർ, മുളവുകാട്, ഏലൂർ, ചേരാനെല്ലൂർ സ്റ്റേഷനുകള്‍ തയ്യാറാണ്. പക്ഷേ ബോട്ട് മാത്രമില്ല.
കൊവിഡ് ആയിരുന്നു ആദ്യ കാരണം. പിന്നീട് സ്റ്റേഷനുകളുടെ സ്ഥലമേറ്റെടുപ്പില് തട്ടി മാസങ്ങള്‍ നീണ്ടു. ഒടുവില്‍ ഫണ്ടും കിട്ടി സ്റ്റേഷൻ പണിതിട്ട് മാസങ്ങളുമായി. കഴിഞ്ഞ മാസത്തിനുള്ളില്‍ 17 ബോട്ടുകള്‍ എങ്കിലും കൈമാറുമെന്നായിരുന്നു ധാരണ. എന്നാല്‍ 23 ബോട്ടുകള്‍ക്ക് പകരം ഇതുവരെ കപ്പല്‍ശാല കൈമാറിയത് 12 എണ്ണം മാത്രം. കാത്തിരുന്ന് മടുത്തെന്ന് നാട്ടുകാർ പറയുന്നു.
ഫോർട്ട് കൊച്ചി, കുമ്പളം, വില്ലിങ്ടണ്‍ വാട്ടർ മെട്രോ സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തില്‍ തുടരുന്നു. ബോട്ടുകള്‍ കിട്ടിയാല്‍ ഉടൻ ചിറ്റൂരിലേക്ക് സർവ്വീസെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി. ഒരു ബോട്ട് ഉടനെന്നും അടുത്ത മാസം രണ്ടെണ്ണവും മെയ് മാസത്തിനുള്ളില്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ട 23 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ പ്രതികരണം. കൊച്ചിൻ കപ്പല്‍ശാലയില്‍ നിന്ന് അയോധ്യയിലേക്ക് കഴിഞ്ഞ മാസം ബോട്ടുകള്‍ കൈമാറിയിരുന്നു. എന്നാല്‍ കൊച്ചി വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച ബോട്ടുകള്‍ അല്ല അയോധ്യയിലേക്ക് അയച്ചതെന്നാണ് കൊച്ചി കപ്പല്‍ശാലയുടെ പ്രതികരണം.