ന്യൂ ഡല്‍ഹി: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിനു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി 21കാരൻ. ഡല്‍ഹിയിലെ ഷകൂർ ബസ്തിയില്‍ നടന്ന സംഭവത്തില്‍ പ്രതി പാണ്ഡവ് കുമാർ അറസ്റ്റിലായി.കത്തികൊണ്ടു കുത്തിയായിരുന്നു കൊലപാതകം. ശരീരമാസകലം 50ഓളം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ബിഹാർ സ്വദേശിയായ പാണ്ഡവ് ഡല്‍ഹിയില്‍ തൊഴിലാളിയാണ്. ഇതിനിടയിലാണ് ഒന്നര വർഷം മുൻപ് യുവതിയുമായി പരിചയത്തിലാകുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളായി യുവാവുമായി ബന്ധം കുറവായിരുന്നു. ഇതിനിടെ മറ്റു പലരുമായി അവിഹിതബന്ധം സംശയിക്കുകയും ചെയ്ത യുവാവ് ഇവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഔട്ടർ ഡല്‍ഹി ഡി.സി.പി ജിമ്മി ചിറാം പറഞ്ഞു.
തുടർന്ന് റാണി മാർക്കറ്റില്‍നിന്ന് രണ്ടു കത്തികള്‍ വാങ്ങിയ പാണ്ഡവ് അവസാനമായി കാണാനെന്നു പറഞ്ഞ് യുവതിയെ ബുദ്ധ് വിഹാറിലേക്കു വിളിച്ചുവരുത്തി. തന്റെ വാടകവീട്ടിലേക്കു വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. ഇതോടെ അടുത്തുള്ള ഒഴിഞ്ഞ റെയില്‍വേ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ചായിരുന്നു കത്തി ഉപയോഗിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുകളില്ലാത്ത സ്ഥലമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 25ന് ഷക്കൂർ ബസ്തിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. ബുദ്ധ് വിഹാറിലെ വാടകവീട്ടില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാണ്ഡവ് കുമാർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.