കൊച്ചി: കൊച്ചിന് കോര്‍പ്പറേഷനും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (എ.എം.എ.ഐ), ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍)-യുമായി സഹകരിച്ച് സംഘടിപ്പിച്ച ആയുര്‍വേദീയം എക്സ്പോ 2024, എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. ഇതോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച എ.എം.എ.ഐ ജില്ലാ വനിതാ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ. എലിസബത്ത് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു. എക്സ്പോയുടെ സംഘാടനത്തില്‍ ലയണ്‍സ് ക്ലബ്ബും വൈസ്മെന്‍ ഇന്റര്‍നാഷണലും പങ്കാളികളായിരുന്നു.
എല്ലാ വര്‍ഷവും ആയുര്‍വേദീയം എക്സ്പോ നടത്തണമെന്നും അതിനെല്ലാ സഹകരണവും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മേയര്‍ അറിയിച്ചു.
ആയുര്‍വേദത്തിന് വേണ്ടി കൊച്ചി നഗരസഭ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് സമയത്ത് ലോകം മുഴുവന്‍ പകച്ച് നിന്നപ്പോള്‍ ആയുര്‍വേദം പ്രതിരോധത്തിന്റെ സാധ്യതകള്‍ തുറന്നു കൊടുത്തതായും ലോകം മുഴുവന്‍ അതംഗീകരിച്ചതായും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന എ.എം.എ.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിത് കുമാര്‍ പറഞ്ഞു. പാലിയേറ്റിവ് കെയറില്‍ ആയുര്‍വേദത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിനു വേണ്ടിയുള്ള പദ്ധതികള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നഗരസഭയോട് അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ ഡോ. ജിക്കു ഏലിയാസ് ബെന്നി എഴുതിയ ക്ലിനിക്കല്‍ ഓര്‍ത്തോപീഡിക്സ് ഇന്‍ ആയുര്‍വേദ എന്ന പുസ്തകം ഡോ. അജിത് കുമാറിന് നല്കി മേയര്‍ പ്രകാശനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.എസ് വിജു, ലയണ്‍സ് ക്ലബ് ഡിസ്ട്രിട് ഗവര്‍ണര്‍ ഡോ. ബീനാ രവികുമാര്‍, വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിട് ഗവര്‍ണര്‍ പീറ്റര്‍ ഫെര്‍ണാണ്ടസ്, എ.എം.എ.ഐ സംസ്ഥന വനിതാ കമ്മറ്റി കണ്‍വീനര്‍ ഡോ. ടിന്റു എലിസബത്ത് ടോം, എറണാകുളം സോണ്‍ സെക്രട്ടറി ഡോ. ജോയ്സ് പി. ജോര്‍ജ്ജ്, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. ജിന്‍ഷിദ് സദാശിവന്, ആയുര്‍വേദിയം 2024 ജനറല്‍ കണ്‍വീനര്‍ ഡോ. ഹരിഷ് വാര്യര്‍, സംഘടക സമിതി ജോയിന്റ് കണ്‍വീനര്‍ ഡോ. ടോമി തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് രണ്ട് ദിവസമായി നടന്ന സൗജന്യ മെഗാ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യമ്പിന് 15 സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്കി. അഞ്ഞൂറിലേറെ വ്യക്തികള്‍ ക്യാമ്പില്‍ പരിശോധനയ്ക്കെത്തി. വാതരോഗങ്ങള്‍, ബാലരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ ഡിസീസ്, ഗൈനക്കോളജി, കോസ്മെറ്റോളജി, നേത്രചികിത്സ, ത്വക് രോഗങ്ങള്‍, പൈല്‍സ്, ഫിസ്റ്റുല, ഓര്‍ത്തോപീഡിക്സ്, സൈക്യാട്രി, മൂത്രാശയ രോഗങ്ങള്‍, വന്ധ്യത, പ്രമേഹം, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനയും ചികിത്സയുമാണ് ക്യാമ്പില്‍ ഒരുക്കിയത്.
ഇതോടൊപ്പം ആയുര്‍വേദ കോളേജുകളുമായി സഹകരിച്ച് മെഡിക്കല്‍ എക്സിബിഷനും, നാഗാര്‍ജുനയുമായി സഹകരിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഹെല്‍ത്തി ഫുഡ് എന്നുള്ള ആശയം മുന്‍നിര്‍ത്തി മില്ലറ്റുകള് ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങളുടേതിന് പുറമേ വിവിധതരം ആയുര്‍വേദ കോസ്മെറ്റോളജി ഉല്‍പ്പന്നങ്ങളുടെയും വെറ്റിനറി ആയുര്‍വേദ മരുന്നുകളുടെയും പ്രദര്‍ശനവും വിപണനവും നടന്നു.