Animal| നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘അനിമലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 26ന് റിലീസ് ചെയ്ത രൺബീർ കപൂർ ചിത്രം ‘അനിമലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് സമയത്ത് ഉയർന്നു വന്ന വിമർശനങ്ങളുടെ ബാക്കിയാണ് ഒടിടിയിലും ചർച്ചാ വിഷയം.

സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങളെ ചിത്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നുമാണ് ആവശ്യം.

‘‘ഞാനൊരു ഇന്ത്യക്കാരിയായ സ്ത്രീയാണ്. അനിമൽ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതിൽ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്.

ഈ രാജ്യത്തിന്റെ ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക” ഇങ്ങനെ തുടങ്ങി നിരവധി കമ്മന്റുകളാണ് സിനിമയ്‌ക്കെതിരായി വരുന്നത്.

രാധിക ശരത്കുമാർ, ആർജെ ബാലാജി, ജാവേക് അക്തർ തുടങ്ങി നിരവധിപ്പേർ സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ അനുകൂലിച്ചു സംസാരിച്ച തൃഷയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’ സിനിമയിൽ വയലൻസ് മാത്രമല്ല, ലൈംഗികതയും സ്ത്രീവിരുദ്ധതയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

മൂന്ന് മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ഈ രൺബീർ കപൂർ ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമാണ് നേടിയത്. ഷാറുഖ് ഖാന്റെ ജവാൻ സിനിമയ്ക്കു ശേഷം ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായും അനിമല്‍ മാറി.

READ MORE: റഫീക്ക് പട്ടേരി സംവിധാനം ചെയ്യുന്ന “പ്രകാശം പരത്തിയ ഒരാൾ”: ഡോക്യുമെൻ്ററി

രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പർസ്റ്റാർ എന്ന പട്ടവും രണ്‍ബീർ സ്വന്തമാക്കി. സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് ‘അനിമൽ’.

രശ്മിക മന്ദാനയുടെ നായികാവേഷവും ഏറെ ചർച്ചയായിരുന്നു. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിംരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ