ആയാറാം ഗയാറാം.. ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ആയാറാം ഗയാറാം സജീവമാകുകയാണ്.ജെ.ഡി.യു നേതാവ് നിതീഷ് കുമാർ അഞ്ചാം തവണയും കളംമാറിച്ചവിട്ടി ബി.ജെ.പി പാളയത്തിലെത്തി. ബിഹാറിൻ്റെ മുഖ്യമന്ത്രി പദത്തിൽ ഒമ്പതാമതും നിതീഷ് എന്ന 72 കാരൻ അവരോധിക്കപ്പെട്ടു. ഇത്തവണ നിതീഷ് മറുകണ്ടം ചാടിയത് ഇന്ത്യാ സഖ്യത്തിന് ഒരു സർജിക്കൽ സ്ട്രൈക്ക് നൽകിയാണ്.
ബി.ജെ.പിക്കെതിരായ കോൺഗ്രസ് ഉൾപ്പെടുന്ന മതേതര സഖ്യത്തിൻ്റെ മുഖ്യ അമരക്കാരനായിരുന്ന നിതീഷിൻ്റെ ചുവടുമാറ്റം ഇന്ത്യാ സഖ്യത്തെ നിഷ്പ്രഭമാക്കും എന്നതിൽ സംശയമില്ല. ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, മതേതര കൂട്ടായ്മ നിതിഷ് തകർത്ത് തരിപ്പണമാക്കിയതിൽ കോൺഗ്രസിനും, മമതയക്കും സാരമായ പങ്കില്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നതിൽ നിന്നാണ് നിതീഷിൻ്റെ പിണക്കം തുടങ്ങുന്നത്. അതോടു കൂടി നിതീഷ് ചുവടുമാറ്റ ചർച്ചകൾ സജീവമാക്കി.തൻ്റെ രാഷ്ട്രീയ ഗുരുവായ കർപ്പൂരി താക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചതോടെ, നിതീഷ് തൻ്റെ മുന്നണി മാറ്റ പ്രഖ്യാപനവും നടത്തി.
നിതീഷ് ഇടഞ്ഞു എന്നു കണ്ടപ്പോൾ ,ബംഗാളിൽ മമതയും കോൺഗ്രസിനെതിരെ വാളോങ്ങിത്തുടങ്ങി. ഇനി ഇന്ത്യാ മുന്നണിയുടെ ഭാവി എന്താവും?. ലാലുവിൻ്റെ മക്കൾ നയിക്കുന്ന ആർ. ജെ.ഡി ഇനി എന്തു ചെയ്യും. ? ഞങ്ങൾ ഈ കറക്ക് കമ്പനിയിൽ മെമ്പർഷിപ്പ് എടുക്കുന്നില്ല എന്ന് സി.പി.എം ആദ്യമേ പറഞ്ഞു. ഇനിയുള്ള പ്രധാന കക്ഷികൾ, എൻ.സി.പി യും , ആപ്പും ആണ്. പവാറിന് എന്തെങ്കിലും പവറും , മകൾ സുപ്രിയക്ക് ക്യാബിനറ്റ് റാങ്കും നൽകിയാൽ , മഹാരാഷ്ട്രയുടെ കാര്യം ഏതാണ്ട് തീരുമാനമാവും. ആപ്പ് നേതാവ് കെജരിവാൾ ഇന്നല്ലെങ്കിൽ നാളെ ജയിലിലേക്ക് എന്ന സ്ഥിതിയിലാണ്. പിന്നെയുള്ളത് തമിഴകത്തെ സ്റ്റാലിനാണ്. അവിടെ മാത്രമാവും ഇനി ഇന്ത്യാ സഖ്യം തൂത്തുവാരുക! കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി ലോകസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മൂന്നാം തവണയും ഇന്ത്യ താമരപ്പൂ ചൂടും എന്നുറപ്പാണ്. രാഹുൽ തെക്ക് വടക്ക് യാത്രക്ക് ശേഷം, കിഴക്ക് പടിഞ്ഞാറ് യാത്ര തുടങ്ങിയിട്ടുണ്ട് .