ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 420 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും രവിചന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി.
ആറ് വിക്കറ്റിന് 316 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം കളിയവസാനിപ്പിച്ചത്. നാലാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി റെഹാൻ അഹമ്മദാണ് പുറത്തായത്. എന്നാൽ ഒരറ്റത്ത് ഒലീ പോപ്പ് ഉറച്ചു നിന്നതോടെ ഇംഗ്ലണ്ട് സ്കോർ ബോർഡ് ചലിച്ചു. ഒടുവിൽ 196 റൺസെടുത്ത് പത്താമനായി ഒലീ പോപ്പ് പുറത്താവുമ്പോഴേക്കും ഇംഗ്ലണ്ട് മികച്ച നിലയിൽ എത്തിയിരുന്നു.
Read also: രഞ്ജി ട്രോഫി: ബിഹാറിന് ഒന്നാം ഇന്നിങ്സ് ലീഡ്
190 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയതെങ്കിലും ടീം സ്കോർ 45ൽ നിൽക്കെ വെടിക്കെട്ട് മൂഡിലായിരുന്ന സാക്ക് ക്രാളിയെ(31) രവിചന്ദ്ര അശ്വിൻ പുറത്താക്കി. ഒലീ പോപ്പിനെ കൂട്ടുപിടിച്ച് ബെൻ ഡെക്കറ്റ് തകർത്തടിച്ച് സ്കോർ നൂറ് കടത്തി. 18 ഓവറിൽ 113 ലെത്തിയ ഇംഗ്ലണ്ടിന് രണ്ടാമത്തെ പ്രഹരം ജസ്പ്രീത് ബുംറയുടേതായിരുന്നു. 52 പന്തിൽ 47 റൺസെടുത്ത ബെൻ ഡെക്കറ്റിന്റെ സ്റ്റംപ് ബുംറ പിഴുതെറിഞ്ഞു.
നിലയുറപ്പിക്കും മുൻപ് ജോ റൂട്ടിനെ (2) എൽ.ബിയിൽ കുരുക്കി ബുംറ വീണ്ടും ഞെട്ടിച്ചു. ജോണി ബെയർസ്റ്റോ 10 റൺസെടുത്ത് ജഡേജക്കും ക്യാപ്റ്റൻ ബെൻസ്റ്റോക്ക് ആറ് റൺസെടുത്ത് അശ്വിനും വിക്കറ്റ് നൽകി മടങ്ങി. ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോളും റൺറേറ്റ് പോലും താഴാതെ ഒലീ പോപ്പ് പിടിച്ചു നിൽക്കുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 436 റൺസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ