ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജീവനക്കാർക്ക് പിരിച്ചുവിടല്‍ മുന്നറിയിപ്പുമായി ഗൂഗിള്‍ സി.ഇ.ഒ സുന്ദർ പിച്ചൈ രംഗത്തുവന്നത്. കഴിഞ്ഞയാഴ്ച ഏകദേശം 1,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍, മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി തൊഴില്‍ മേഖലയില്‍ പുതിയ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഗൂഗിള്‍ വീണ്ടും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.
30,000-ത്തോളം ജീവനക്കാരുള്ള പരസ്യ-സെയില്‍സ് യൂണിറ്റിന്റെ ചില ഭാഗങ്ങള്‍ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമൻ. മനുഷ്യന് പകരം എ.ഐ-യെ ജോലിക്ക് വെക്കുകയാണെന്ന് ചുരുക്കം. എഐ വ്യാപകമാക്കാൻ കമ്ബനി ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യഷ്യല്‍ ഇന്റലിജൻസ് രംഗത്ത് നിക്ഷേപം ശക്തമാക്കാൻ കമ്പനി തയ്യാറെടുക്കുകയാണിപ്പോള്‍. 2024ല്‍ ലോകത്തെ ഏറ്റവും നൂതന എ.ഐ പുറത്തിറക്കാൻ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.
വലിയ പരസ്യ ക്ലയൻ്റുകളെ കൈകാര്യം ചെയ്യുന്ന ഗൂഗിളിന്റെ ലാർജ് കസ്റ്റമർ സെയില്‍സ് (എല്‍.സി.എസ്) ടീമിനെയാണ് പുനഃസംഘടിപ്പിക്കുന്നത്. അതായത്, ചെറിയ പരസ്യദാതാക്കളെ കേന്ദ്രീകരിച്ചുള്ള ഗൂഗിള്‍ കസ്റ്റമർ സൊല്യൂഷൻസ് (ജി.സി.എസ്) യൂണിറ്റിനെ പ്രധാന പരസ്യ സെയില്‍സ് ടീമാക്കി മാറ്റി, എല്‍സിഎസ് ടീമിനെ തരംതാഴ്ത്തുകയാണ് കമ്ബനി. ഈ പുനഃസംഘടനയിലൂടെ ആഗോളതലത്തില്‍ എല്‍.സി.എസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് ആളുകള്‍ ഒഴിവാക്കപ്പെടുകയാണെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ തരത്തിലുള്ള മാനേജ്മെന്റ് തലങ്ങള്‍ ഒഴിവാക്കി പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുക, കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, പ്രത്യേക മേഖലകളില്‍ വേഗത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് സുന്ദർ പിച്ചൈ ജീവനക്കാർക്കുള്ള മെമ്മോയില്‍ സൂചിപ്പിച്ചിരുന്നു. അത് പ്രാവർത്തികമാക്കുകയാ ണിപ്പോള്‍ കമ്പനി.
മനുഷ്യൻ വേണ്ടെന്ന് എ.ഐ തെളിയിച്ചു..?
താരതമ്യേന കുറഞ്ഞ മാനുഷിക ഇടപെടലോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരസ്യങ്ങള്‍ സ്വയമേവ സൃഷ്ടിക്കാൻ കഴിയുന്ന എ.ഐ ടൂളുകളില്‍ ഗൂഗിളിൻ്റെ മുന്നേറ്റത്തെ തുടർന്നാണ് ഇപ്പോഴത്തെ പുനഃക്രമീകരണം. ജനറേറ്റീവ് എ.ഐ കഴിവുകളുള്ള ഗൂഗിളിന്റെ ‘പെർഫോമൻസ് മാക്സ് പ്ലാറ്റ്ഫോം’ അർപ്പണബോധമുള്ള സെയില്‍സ് ഉദ്യോഗസ്ഥരുടെ ആവശ്യകത കുറയ്ക്കുന്നതില്‍ വിജയിച്ചു.
ഗൂഗിള്‍ പിക്സല്‍, നെസ്റ്റ്, ഫിറ്റ്ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകള്‍, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ 12,000 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്. എ.ഐ വ്യാപിക്കുന്നതോടെ മറ്റ് മേഖലകളിലുള്ളവർക്കും ഇതുപോലെ തൊഴില്‍ നഷ്ടം നേരിടേണ്ടിവരും.