കൊച്ചി : റിപ്പബ്ലിക്ക് ദിനത്തിൽ ഭരണഘടനയെ പ്രമേയമാക്കിയുള്ള വിപുലമായ ഫോട്ടോ എക്സിബിഷനുമായി മാതൃഭൂമി. കൊച്ചി ലുലു മാളിലാണ് ഫോട്ടോ എക്സിബിഷൻ നടന്നത്. ഫുട്ബോൾ താരങ്ങളായ സി.കെ വിനീത്, മുഹമ്മദ് റാഫി, എൻ.പി പ്രദീപ്, റിനോ ആന്റോ എന്നിവർ ചേർന്ന് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ദേശീയശ്രദ്ധ നേടിയ ചിത്രങ്ങളടക്കം പ്രദർശനത്തിൽ ഭാഗമായി. റിപ്പബ്ലിക് ദിന സന്ദേശം വിളിച്ചതോന്നുതായിരുന്നു ഓരോ ചിത്രങ്ങളും. നിരവധി പേരാണ് റിപ്പബ്ലിക് ദിനത്തിൽ പ്രദർശനത്തിൽ പങ്കെടുത്തത്.
ദൃശ്യവിസ്മയം പകർന്ന് ടീം ആരോസ് ഒരുക്കിയ ദേശഭക്തി പ്രമേയമാക്കിയ നൃത്തപരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയിരുന്നു. വർണവിസ്മയം തന്നെ ഒരുക്കി കാഴ്ചക്കാർക്ക് പുത്തൻ അനുഭവം തന്നെ സമ്മാനിക്കുന്നതായിരുന്നു ആരോസിന്റെ ഡാൻസ് പെർഫോമൻസുകൾ. മികച്ച ജനതിരക്കാണ് പരിപാടിയിൽ പ്രകടമായത്. കൂടാതെ, ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി വർണാഭമായ കലാപരിപാടികൾ ലുലുവിൽ ഒരുക്കിയിരുന്നു. റിപ്പബ്ലിക്ക് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സംസ്കാരവും വൈവിധ്യവും പ്രതിനിധീകരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഉത്സവിന്റെ പ്രദർശനവും ശ്രദ്ധേയമായി.
ഇന്ത്യൻ ഉത്പന്നങ്ങൾ എല്ലാം ഒരുകുടക്കീഴിൽ അണിനിരത്തി, രാജ്യത്തിന്റെ വൈവിധ്യത്തിന്റെ നേർകാഴ്ചയാണ് ലുലുവിലെ ഗ്രേറ്റ് ഇന്ത്യൻ ഉത്സവിൽ ഒരുക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങളുടെ സ്പെഷ്യൽ ഡിസ്പ്ലേ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ഥമായ രുചികൂട്ടുകളും പരിചയപ്പെടുത്തിയുള്ള സ്പെഷ്യൽ ഫുഡ് കൗണ്ടറിലും മികച്ച തിരക്കാണ് അനുഭവപ്പെടുന്നത്.