തിരുവനന്തപുരം: കേരളത്തിലെ കായികലോകത്തിന് പുത്തനുണർവും ദിശാബോധവും നൽകി കൊണ്ട് നാല് ദിവസമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സമാപനമായി. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാനം സംഘടിപ്പിക്കുന്ന കായിക ഉച്ചകോടിയിൽ കായിക സാമ്പത്തിക വ്യവസ്ഥയിലൂന്നിയുള്ള നിരവധി സെഷനുകൾ സംഘടിപ്പിച്ചു. 25 പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ ഉച്ചകോടിക്കായി എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ് എന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊർജ്ജം പകരുന്ന വലിയ പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ കേരളത്തിൽ വരാനിരിക്കുന്നത്. കാലവിളംബം ഇല്ലാതെ 100 ദിവസത്തിനുള്ളിൽ തന്നെ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പ് നടപ്പിലാക്കുക എന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 2281 മുഴുവൻ സമയ പ്രതിനിധികൾ പങ്കെടുത്തു. 8 രാജ്യങ്ങളിൽ നിന്നുള്ള 13 വിദേശ അതിഥികളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 35 കായിക വിദഗ്ധരും പങ്കെടുത്തു. 47 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മിറ്റിൽ അവതരിപ്പിച്ചത്. ഇതിൽ മികച്ച പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പുസ്തകരൂപത്തിലും ഇ ടെക്സ്റ്റുകളായും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിക്കും. ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്റ്റാർട്ടപ്പ് പിച്ചിൽ 18 സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. 41 കായിക അസോസിയേഷനുകൾ അവരുടെ മാസ്റ്റർപ്ലാനുകൾ അവതരിപ്പിച്ചു. 14 ജില്ലാ സ്പോർട്സ് കൗൺസിലുകൾ തയ്യാറാക്കിയ മാസ്റ്റർപ്ലാനുകളും സമ്മിറ്റിൽ അവതരിപ്പിച്ചു. 632 മൈക്രോ സമ്മിറ്റുകളും, 14 ജില്ലാ സമ്മിറ്റുകളും അന്താരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാക്കി. 100 ൽ അധികം വൺ ടു വൺ ബിസിനസ് മീറ്റപ്പുകൾ സമ്മിറ്റിൽ നടന്നു. 55 കമ്പനികൾ സ്പോർട്സ് എക്സിബിഷനിൽ പങ്കെടുത്തു.
ഇ-സ്പോർട്സ് രംഗത്തെ അന്തർദേശിയ കമ്പനികളുടെ പ്രദർശനം മികച്ച ബിസിനസ് അവസരം തുറക്കുന്നതിന് വഴി തെളിച്ചു
കൊച്ചിയിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് 8 അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങളും നാല് ഫുട്ബോൾ അക്കാഡമികളും സ്ഥാപിക്കുന്നതിന് 800 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് മീരാനും സ്കോർലൈൻ സ്പോർട്സും ചേർന്ന് വാഗ്ദാനം ചെയ്തു.
കൊച്ചിയിൽ 650 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയമായ ലോഡ്സ് സ്പോർട്സ് സിറ്റിയാണ് മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളേയും അനുബന്ധ ആക്ടിവിറ്റികളും ഒരു കുടയ്ക്കു കീഴിൽ കൊണ്ടുവരുന്ന ബൃഹത്പദ്ധതിയാണിത്.
അതിവേഗം വളരുന്ന ഇ-സ്പോർട്സ് രംഗത്തും മികച്ച നിക്ഷേപം ആകർഷിക്കാൻ കേരളത്തിനു കഴിഞ്ഞു. നോ സ്കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തിൽ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വലിയ വളർച്ചാ സാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളിൽ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ മുൻനിരക്കാരായ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് വാഗ്ദാനം ചെയ്തു.
കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയർ ഗ്രൂപ്പും വാഗ്ദാനം ചെയ്തു. ഫുട്ബോൾ താരം സി. കെ. വിനീതിൻ്റെ നേതൃത്വത്തിലുള്ള തേർട്ടീൻത്ത് ഫൗണ്ടേഷൻ 300 കോടിയുടെ നിക്ഷേപവുമായി അത്യാധുനിക കായിക പരിശീല കേന്ദ്രവും ഭവന സമുച്ചയവും ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തലസൗകര്യ വികസന പദ്ധതികളടക്കം 19 പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.
സംസ്ഥാനത്തുടനീളം കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്പോർട്സ് ഫോർ ഓൾ പദ്ധതിയും പ്രഖ്യാപിച്ചു. കൊച്ചിയിൽ തന്നെ മൂലൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 100 കോടി നിക്ഷേപത്തിൽ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നു. ജിസിഡിഎ, ഇന്ത്യ ഖേലോ ഫുട്ബോൾ, വിവിധ ക്ലബുകൾ, പ്രോ സ്പോർട്സ് വെഞ്ചേഴ്സ്, സ്പോർട്സ് എക്സോട്ടിക്ക, സ്പോർട്സ് ആന്റ് മാനേജ്മെന്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, എൻ ബി ഫിറ്റ്നസ് അക്കാഡമി, കേരളീയം മോട്ടോർ സ്പോർട്സ് അസോസിയേഷൻ, ആർബിഎസ് കോർപറേഷൻ, ബാവാസ് സ്പോർട്സ് വില്ലേജ്, റീജൻസി ഗ്രൂപ്പ് ദുബായ്, നോവുസ് സോക്കർ അക്കാഡമി, പിഹാസ് സ്പോർട്സ് മാനേജ്മന്റ് പ്രൈവറ്റ് ലിമിറ്റഡ്, പ്ലേ സ്പോർട്സ്, ബ്ലൈൻഡ് ഇസ്പോർട്സ്, ഐ കോർ ബിസിനസ് സൊല്യൂഷൻസ് തുടങ്ങിയ സംരംഭകരും 50 മുതൽ 20 കോടി രൂപ വരേയുള്ള വിവിധ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്തു.