ആന്തരികാവയവങ്ങളുടെ അനാരോഹ്യത ആദ്യം തിരിച്ചറിയുന്നത് മൂത്രത്തിന്റെ നിറത്തിൽ കൂടിയാണ്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും. അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം.
വൃക്കകളിലൂടെ മൂത്രം കടന്നു പോകുമ്പോൾ വൃക്കകൾ അതിലെ അനാവശ്യ വസ്തുക്കളെ അരിക്കുന്നു. 95 ശതമാനത്തിലധികം വെള്ളം ആണ് മൂത്രത്തിൽ ഉള്ളത്.
മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വർണവസ്തു ഇതിലുണ്ട്. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും.
ജലാംശം കുറവാണെങ്കിൽ മൂത്രത്തിന്റെ നിറം കടുത്തതാകും. ചില സമയത്ത് മൂത്രത്തിന്റെ നിറം ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കും. പലപ്പോഴും മൂത്രത്തിന്റെ നിറവും മണവും മാറുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകും.
ഇത് കടുത്ത നിറത്തിലോ രക്തവർണനിറത്തിലോ ആകാം. ഇടയ്ക്കിടെ മൂത്രശങ്ക ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദന തോന്നാം. നിർജലീകരണം, ടൈപ്പ് 2 പ്രമേഹം, ബാക്ടീരിയൽ അണുബാധ, മരുന്നിന്റെ പാർശ്വഫലങ്ങൾ, കരളിന്റെയോ വൃക്കയുടെയോ പ്രശ്നങ്ങൾ, കാത്സ്യത്തിന്റെയോ ഫോസ്ഫേറ്റിന്റെയോ അളവ് അമിതമാകുന്നത് ഇതെല്ലാം മൂലം മൂത്രത്തിന്റെ നിറവും മണവും വ്യത്യാസപ്പെടാം.
കട്ടിയായ മൂത്രം
മൂത്രം കട്ടിയാകുന്നത് ചില രോഗങ്ങളുടെ സൂചനയാണ്. രക്തം പോലെയോ പഴുപ്പ് അടങ്ങിയതോ ആയ മൂത്രത്തിന് കാരണം മൂത്രനാളിയിലെ അണുബാധയാകാം. ഗർഭകാലത്ത് മൂത്രത്തിന്റെ കട്ടിയാകൽ ഉയർന്ന രക്തസമ്മർദത്തിന്റെയോ വൃക്കത്തകരാറിന്റെയോ ലക്ഷണമാകാം. ഇത് ഗര്ഭകാലം 20 ആഴ്ച പിന്നിട്ടശേഷം ആണുണ്ടാകുക. Pneumaturia എന്ന അവസ്ഥയും കട്ടിയായി മൂത്രം പോകാൻ കാരണമാകാം.
രക്തം കലർന്ന മൂത്രം
മൂത്രത്തിൽ രക്തം കലരുന്ന അവസ്ഥയെ hematuria എന്നാണ് പറയുന്നത്. മൂത്രനാളിയിൽ നിന്ന് അരുണരക്താണുക്കൾ ചോരുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പലപ്പോഴും രക്തം കലർന്ന മൂത്രത്തോടൊപ്പം കട്ടപിടിച്ചപോലുള്ളവയും കാണാറുണ്ട്. ഇത് മൂത്രസഞ്ചിയിലെയോ വൃക്കകളിലെയോ കല്ല് മൂലമാകാം. അല്ലെങ്കിൽ പ്രോസ്റ്റേറ്റ് വീക്കം, വൃക്കരോഗം, വൃക്കയ്ക്ക് പരുക്ക്, വൃക്കയിലോ മൂത്രസഞ്ചിയിലോ അർബുദം എന്നിവമൂലവും ആകാം.
മൂത്രത്തിന് ഓറഞ്ച് നിറം
മൂത്രം ഓറഞ്ച് നിറത്തിലാണെങ്കിൽ കടുത്ത നിർജലീകരണം മൂലം ആകാം. പിത്തരസം രക്തത്തിൽ കലരുന്നതു മൂലവും മൂത്രത്തിന് ഓറഞ്ച് നിറമാകാം.
പച്ചയോ നീലയോ നിറത്തിൽ മൂത്രം
അസാധാരണമായ നിറങ്ങൾ മൂത്രത്തിന് വരുന്നത് നിങ്ങള് കഴിച്ച ഭക്ഷണത്തിന്റെയാകാം. മെഥിലിൻ ബ്ലൂ എന്ന ഫുഡ്കളർ അടങ്ങിയ ഭക്ഷണം കഴിച്ചാൽ നീല, പച്ച നിറങ്ങൾ മൂത്രത്തിനുണ്ടാകും. സ്യൂഡോമോണസ് എറുഗിനോസ എന്ന ബാക്ടീരിയൽ അണുബാധ മൂലവും മൂത്രം നീല, പച്ച, പർപ്പിൾ നിറമാകാം
Read more കൈപ്പത്തിയിലെ ഈ ലക്ഷണം തള്ളിക്കളയരുത്: ലിവർ സിറോസിസിന്റെ ലക്ഷണമാകാം