ന്യൂ ഡല്‍ഹി: രാജ്യം 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും.

ഡല്‍ഹിയും പരിസരവും രണ്ടുദിവസമായി കനത്ത സുരക്ഷാവലയത്തിലാണ്. 8000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിനുള്ളില്‍ നിയോഗിച്ചതായി ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ മഹ്ല പറഞ്ഞു. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക്ദിനത്തില്‍ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും. പരമ്ബരാഗത സൈനികബാൻഡുകള്‍ക്കുപകരം ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും. കേന്ദ്ര സായുധസേനയെയും ഇത്തവണ വനിതാ ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.
വീരമൃത്യുവരിച്ച സൈനികർക്ക് യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അർപ്പിക്കുന്നതോടെയായിരിക്കും റിപ്പബ്ലിക്ദിന പരിപാടികള്‍ക്ക് തുടക്കമാകുക. തൊട്ടുപിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കുതിരകളെ പൂട്ടിയെ പരമ്ബരാഗത ബഗ്ഗിയില്‍ കർത്തവ്യപഥിലെത്തും. 40 വർഷത്തിനുശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയില്‍ രാഷ്ട്രപതി പരേഡിനെത്തുന്നത്.
ദേശീയപതാക ഉയർത്തുന്നതിനുപിന്നാലെ ദേശീയഗാനം ആലപിക്കും. അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഗണ്‍ സല്യൂട്ട് എന്ന നിലയില്‍ 21 ആചാരവെടികള്‍ മുഴക്കും. ഇതിനുപിന്നാലെ കർത്തവ്യപഥില്‍ വ്യോമസേന പുഷ്പവൃഷ്ടി നടത്തും.
പുഷ്പവൃഷ്ടിക്കുശേഷം നൂറ് വനിതകളുടെ നേതൃത്വത്തിലുള്ള ബാൻഡ് പ്രകടനത്തിന് തുടക്കമാകും.പിന്നാലെ രാഷ്ട്രപതി, സേനകളുടെ ഔദ്യോഗികസല്യൂട്ടുകള്‍ സ്വീകരിക്കുന്നതോടെയാണ് പരേഡിന് തുടക്കമാകുക.