അയോധ്യ: ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്രത്തിനു വേണ്ടി തയാറാക്കിയ മൂന്നു വിഗഹങ്ങളിൽ രണ്ടെണ്ണം ക്ഷേത്രത്തിന്റെ മറ്റു സുപ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കും. കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് സൃഷ്ടിച്ച കൃഷ്ണശിലാ വിഗ്രഹമാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.
രാജസ്ഥാൻ സ്വദേശിയായ സത്യനാരായണ പാണ്ഡെ വെളുത്ത മാർബിളിൽ കൊത്തിയതും, കർണാടകയിലെ ഗണേഷ് ഭട്ട് കൃഷ്ണശിലയിൽ കൊത്തിയതുമാണ് മറ്റു രണ്ടെണ്ണം. ഇവ ഉപേക്ഷിക്കില്ല. സത്യനാരായണ പാണ്ഡെ കൊത്തിയെടുത്ത മാർബിൾ വിഗ്രഹത്തിൽ സ്വർണാഭരണങ്ങളും സ്വർണ വസ്ത്രവുമുണ്ട്. ചുറ്റുമുള്ള കമാനത്തിൽ ദശാവതാരങ്ങളും. ഈ വിഗ്രഹം ഒന്നാം നിലയിലായിരിക്കും സ്ഥാപിക്കുക. ഗണേഷ് ഭട്ട് കൃഷ്ണശിലയിൽ കൊത്തിയ ശിൽപ്പം മൂന്നാം നിലയിലായിരിക്കുമെന്നാണു വിവരം. പ്രാണപ്രതിഷ്ഠ നടത്തിയ വിഗ്രഹവുമായി ഏറെ സാമ്യമുള്ളതാണിത്. മൈസൂരുവിലെ ഹെഗഡദേവവന കോട്ടെയിലെ ഒരു ഫാമിൽ നിന്നുള്ള പുരാതന കൃഷ്ണശിലയാണ് ഭട്ട് തന്റെ വിഗ്രഹത്തിനായി ഉപയോഗിച്ചത്.
മൂന്നു വിഗ്രഹങ്ങൾക്കും 51 ഇഞ്ചാണ് ഉയരം. അത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ തീരുമാനിച്ചതാണ്. ബാലകരാമ വിഗ്രഹം നിർമിക്കാൻ എല്ലാവർക്കും മുംബൈയിലെ വാസുദേവ് കമ്മത്ത് വരച്ച ഒരു മാതൃകാ ചിത്രവും കൊടുത്തിരുന്നു.ഗർഭ ഗൃഹത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിൽ ബനാറസി വസ്ത്രങ്ങളാണ്. മഞ്ഞ മുണ്ട്, ചുവന്ന പതാക അഥവാ അംഗവസ്ത്രം. അംഗവസ്ത്രം സ്വർണ സാരി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിൽ, വിഷ്ണു ചിഹ്നങ്ങളായ ശംഖ്, ചക്രം, പത്മം, മയൂരം എന്നിവയുണ്ട്. ആഭരണങ്ങൾ തയാറാക്കിയത് ലക്നൗവിലെ അങ്കുർ ആനന്ദിന്റെ ഹർഷയ്മാൽ ശ്യാംലാൽ ജ്വല്ലേഴ്സ്. വസ്ത്രങ്ങൾ ഉടുപ്പിച്ചത് ഡൽഹി ടെക്സ്റ്റൈൽ ഡിസൈനർ മനീഷ് ത്രിപാഠി.
നേരത്തേയുണ്ടായിരുന്ന വിഗ്രഹത്തെ രാം ലല്ല എന്നാണു വിളിച്ചിരുന്നത്. പുതിയ വിഗ്രഹം അറിയപ്പെടുന്നത് ബാലക് റാം എന്നാണ്. മലയാളത്തിൽ, ബാലക രാമൻ. രാം ലല്ലയെ പുതിയതിന് മുന്നിൽ പ്രതിഷ്ഠിക്കും. വിശേഷാവസരങ്ങളിൽ ഉത്സവമൂർത്തിയായി പുറത്തേക്ക് എഴുന്നെള്ളിക്കുന്നത് രാം ലല്ലയെ ആയിരിക്കുമെന്നാണു സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു