സ്ട്രെസ് ഇല്ലാത്തവരായി ആരും തന്നെയില്ല. ദിവസവും ഉള്ള ഓട്ട പാച്ചിലിനിടയിൽ നമുക്ക് വേണ്ടി സമയം കണ്ടെത്താൻ പലപ്പോഴും സാധിക്കാറില്ല. ഓഫീസിലെയും, കുടുംബത്തിലേയും, ആവലാതിയും പ്രശ്നങ്ങളും നമ്മളെ സ്ട്രെസ്സിലേക്ക് നയിക്കുന്നു. ഇത് ,മാനസികമായി മാത്രം ബാധിക്കുന്ന ഒന്നല്ല. ശാരീരികമായും ബാധിക്കും. തുടർന്ന് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരുന്നതിനും കാരണമാകുന്നു
ഇത്തരത്തില്‍ സ്ട്രെസ് ഉള്ളതുകൊണ്ട് നടുവേദന വന്നു എന്ന് പരാതിപ്പെടുന്നവരെ കണ്ടിട്ടില്ലേ? സത്യത്തില്‍ സ്ട്രെസ് ഉണ്ടെങ്കില്‍ നടുവേദന വരുമോ? ഇതിലെന്തെങ്കിലും കാര്യമുണ്ടോ?
സ്ട്രെസ് ഉണ്ടെങ്കില്‍ നടുവേദന വരാം എന്നുതന്നെയാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പതിവായി സ്ട്രെസ് അനുഭവിച്ച് അത് ‘ക്രോണിക് സ്ട്രെസ്’ എന്ന അവസ്ഥയിലേക്ക് എത്തിയാലാണ് നടുവേദനയ്ക്കുള്ള സാധ്യതയുമുണ്ടാകുന്നതത്രേ.
പല പഠനങ്ങളും ഇതിനെ ശരിവച്ചുകൊണ്ടുള്ള നിഗമനങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സ്ട്രെസ് പതിവാകുമ്പോള്‍ അതുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം, സ്ട്രെസിനോടുള്ള ശരീരത്തിന്റെ പ്രതിരോധം, ഇതെല്ലാം ചേര്‍ന്ന് ശരീരത്തിലെ കോശങ്ങള്‍ക്കും കോശകലകള്ക്കുമെല്ലാം ഉണ്ടാക്കുന്ന കേടുപാടുകള്‍ എന്നിങ്ങനെ പല കാരണങ്ങളാണ് സ്ട്രെസ് മൂലമുള്ള നടുവേദനയിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നത്. എന്തായാലും സ്ട്രെസ് നടുവേദനയിലേക്ക് നയിക്കുമെന്നതില്‍ സംശയം വേണ്ട.
read also Joint pain തണുപ്പുകാലത്തെ സന്ധിവേദന ; കാരണമെന്താണ് ?
വിവിധ രീതികളില്‍ സ്ട്രെസ് മൂലമുള്ള വേദന അനുഭവപ്പെടാം. പുറത്തുള്ള മസിലുകള്‍ തുടര്‍ച്ചയായി ടെൻഷൻ ആകുന്നതിന്റെ ഫലമായുണ്ടാകുന്ന മരവിപ്പും വേദനയും. സ്ട്രെസ് ഉണ്ടാകുമ്പോഴാകട്ടെ വേദന അധികമായി അനുഭവപ്പെടുന്നതായും തോന്നും.
സ്ട്രെസില്‍ മാത്രമല്ല, പല പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരത്തില്‍ നമുക്ക് ഉള്ള വേദന തന്നെ അധികമായി തോന്നുകയും താങ്ങാൻ സാധിക്കാതെ വരികയും ചെയ്യാം. ഇത് ശരീരം ‘സെൻസിറ്റീവ്’ ആകുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്.
‘ക്രോണിക് സ്ട്രെസ്’ ശരീരത്തിലാകെയും നീരുണ്ടാക്കാം. ഇതും വേദനയിലേക്ക് നയിക്കാം. സ്ട്രെസിനൊപ്പം നമ്മുടെ ശരീരത്തിന്റെ ‘പോസ്ചര്‍’ അഥവാ ഇരിക്കുമ്പോഴോ നില്‍ക്കുമ്പോഴോ കിടക്കുമ്പോഴോ എല്ലാം നാ സൂക്ഷിക്കുന്ന ഘടനയില്‍ പ്രശ്നം വരുന്നതും കൂടിയാകുമ്പോള്‍ വേദന അനുഭവപ്പെടുന്നവരുണ്ട്. സ്ട്രെസും, ജോലിസംബന്ധമായ കായികപ്രശ്നങ്ങളും ഒന്നിക്കുമ്പോള്‍ നടുവേദന പതിവായി അനുഭവപ്പെടുന്നത് ഉദാഹരണമായെടുക്കാം.
സ്ട്രെസ് അധികരിക്കുമ്പോള്‍ നമ്മുടെ രക്തക്കുഴലുകള്‍ ചുരുങ്ങാം, ഇത് രക്തയോട്ടം കുറയ്ക്കുന്നു. പ്രത്യേകിച്ച് നടുവിലേക്ക് ഉള്ള രക്തയോട്ടം. ഇതുമൂലവും നടുവേദന അനുഭവപ്പെടാം.
എങ്ങനെയാണ് നടുവേദന സ്ട്രെസ് മൂലമുള്ളതാണോ അല്ലാത്തതാണോ എന്ന് മനസിലാക്കാനാവുക എന്ന് ചോദിച്ചാല്‍ അത് മനസിലാക്കാൻ പ്രയാസമാണെന്ന് ഉത്തരം തരേണ്ടിവരും. കാരണം സ്ട്രെസ് മൂലമുള്ള നടുവേദനയും ഓരോരുത്തരിലും ഓരോ രീതിയിലും തീവ്രതയിലും വരാം.
ആകെ ചെയ്യാവുന്നത് സ്ട്രെസിനെ കൈകാര്യം ചെയ്തോ, സ്ട്രെസില്‍ നിന്നകന്ന് നിന്നോ പരീക്ഷിക്കുക. സ്ട്രെസില്ലാതെ തുടരുമ്പോള്‍ നടുവേദനയ്ക്ക് ആശ്വാസമുണ്ടോ എന്ന് ശ്രദ്ധിക്കാം. ഒരു ഡോക്ടറുടെ സഹായത്തോടെ ഇതെല്ലാം ചെയ്തുനോക്കുന്നതായിരിക്കും ഉചിതം.