പുനലൂർ : സുരക്ഷയുടെ ഭാഗമായി ജീവനക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ സ്വകാര്യമേഖലയിലെ ആദ്യ സ്ഥാപനം എന്ന മോട്ടോർ വാഹനവകുപ്പിന്റെ ബഹുമതി ഇനി വനിതകൾ ഭൂരിപക്ഷമുള്ള ഏരീസ് ഗ്രൂപ്പിന്റെ പുനലൂർ ബ്രാഞ്ചിന് സ്വന്തം. കൊല്ലം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായ ബിനു എൻ കുഞ്ഞുമോനിൽ നിന്ന് ഏരീസ് ഗ്രൂപ്പ് പുനലൂർ ബ്രാഞ്ചിന്റെ മാനേജർ ഡി രാജേഷ് കുമാറാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ജീവനക്കാർക്ക് റോഡ് നിയമങ്ങളെക്കുറിച്ചും പൊതുവായി പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും വിശദമായ ബോധവൽക്കരണം പുനലൂർ ബ്രാഞ്ചിൽ സംഘടിപ്പിച്ച സമയത്താണ് പുരസ്കാരം കൈമാറിയത് . ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ഹെൽമറ്റ് നിർബന്ധം’ എന്ന സ്ഥാപനത്തിന്റെ നിയമം മോട്ടോർ വാഹന വകുപ്പിനും ഏറെ സന്തോഷമുണ്ടാക്കിയെന്ന് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ബിനു എൻ കുഞ്ഞുമോൻ പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി ബിജോയ് , പി. രാജീവ് തുടങ്ങിയവരും ക്ലാസിന് നേതൃത്വം നൽകി.
കഴിഞ്ഞ വർഷം, ബ്രാഞ്ചിലെ ഒരു ജീവനക്കാരന് വാഹനാപകടം ഉണ്ടാവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റാർക്കും ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ആണ് ഹെൽമറ്റ് നിർബന്ധം എന്ന നിയമം കർശനമാക്കിയത്. ഇപ്പോൾ എല്ലാ ജീവനക്കാരും കൃത്യമായി ഈ നിയമം പാലിച്ചുവരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ സ്ഥാപനം കർശനം നടപടിയും സ്വീകരിക്കുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി ബ്രാഞ്ചിൽ ഇത്തരത്തിലുള്ള പൊതുവായ നിയമങ്ങൾ ഇനിയും കൊണ്ടുവരുമെന്നും അവ കൃത്യമായി ഞങ്ങളുടെ ജീവനക്കാർ പാലിക്കും എന്നും മാനേജിംഗ് ഡയറക്ടർ ഡോ. എൻ പ്രഭിരാജ് പറഞ്ഞു . സ്ഥാപനത്തിൽ ഇത്തരത്തിലുള്ള നിയമങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ പ്രാബല്യത്തിൽ വരുത്തിയതിനു ശേഷം സമൂഹത്തിലേക്കും ഇതിന്റെ പ്രാധാന്യം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് സ്ഥാപനം നൽകുന്നതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സർ സോഹൻ റോയ് പറഞ്ഞു.”വളരെയധികം സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യമുള്ള മറൈൻ മേഖലയിൽ വിവിധ സേവനങ്ങൾ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലേറെയായി നൽകിവരുന്ന സ്ഥാപനമാണ് ഞങ്ങളുടേത്.അതുകൊണ്ടുതന്നെ ഞങ്ങളുടെ ഏത് സേവനമേഖലയിലും ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന ഘടകം സുരക്ഷയാണ്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നടപ്പിലാക്കിയ ഹെൽമറ്റ് നിർബന്ധം എന്ന നിയമത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകിവരുന്ന ഗതാഗത വകുപ്പിനോട് അളവറ്റ നന്ദിയുണ്ട് “. അദ്ദേഹം പറഞ്ഞു.UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിടൈം മേഖലയിലെ മുൻനിര സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി അറുപതിലധികം കമ്പനികൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക