സ്വർണ നിക്ഷേപത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാം ?

സ്വർണം എന്നും മലയാളികളുടെ വികാരങ്ങളോട് ചേർന്ന് നിൽക്കുന്ന ലോഹമാണ്. കഴിഞ്ഞ കുറച്ച് കാലമായി സ്വർണത്തോടുള്ള മലയാളികളുടെ താൽപര്യത്തിലും അതിന്റെ മൂല്യത്തിലും പ്രകടമായ വളർച്ച കാണാൻ സാധിക്കും. ഇത് സാമ്പത്തിക വ്യവസ്ഥയിൽ തന്നെ കാര്യമായ സ്വാധീനം ചെലുത്തുന്നുമുണ്ട്.

സ്വർണത്തെ ഒരു മികച്ച നിക്ഷേപമായി കാണുമ്പോഴും പലപ്പോഴും ശരിയായ രീതിയിലല്ല ആളുകൾ നിക്ഷേപിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. അതേസമയം വ്യത്യസ്തമായ ഒരോ സ്വർണ നിക്ഷേപ രീതികളിലും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

എപ്പോഴും മൂല്യമുള്ളതും സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സുരക്ഷിതമായ സ്വത്തായും സ്വർണം കണക്കാക്കപ്പെടുന്നു. ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ വർധനവ് ഇത് അടിവരയിടുന്നു.

ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ആഗോള തലത്തിൽ ഒരു പ്രധാന വിനിമയ മാധ്യമമായും സ്വർണം അംഗീകരിക്കപ്പെട്ടുപോരുന്നു. പ്രധാനമായി ബാറുകളായും കോയിനുകളായും ആഭരണങ്ങളായുമാണ് ഭൗതിക സ്വർണ നിക്ഷേപം സാധ്യമാകുന്നത്. എന്നാൽ ഇത് വളരെയധികം ചെലവേറിയതും വലിയ ലാഭം നിക്ഷേപകന് ഉറപ്പുനൽകുന്നതുമല്ല. ശുദ്ധതയും സംഭരണ സൗകര്യവും മറ്റൊരു ചോദ്യചിഹ്നമാണ്. കൂടാതെ, ഭൗതിക സ്വർണ്ണം മോഷണത്തിനോ നഷ്ടത്തിനോ വിധേയമാണ്, അതിനാൽ ഇൻഷുറൻസും മറ്റ് സുരക്ഷാ നടപടികളും ആവശ്യമായി വന്നേക്കാം.

read more ശരിയായ നിക്ഷേപം, സമ്പാദ്യം.. ഭാവി സുരക്ഷിതം

ഗോൾഡ് ഇടിഎഫ്

മറ്റൊരു തരത്തിലുള്ള സ്വർണ നിക്ഷേപമാണ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട്സ് അഥവ ഇടിഎഫ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന നിഷ്‌ക്രിയ നിക്ഷേപ ഉപകരണങ്ങളാണ് ഗോൾഡ് ഇടിഎഫുകൾ, നിക്ഷേപകർക്ക് സംഭരണത്തെക്കുറിച്ചോ പരിശുദ്ധിയെക്കുറിച്ചോ ആകുലപ്പെടാതെയും മോഷ്ടിക്കപ്പെടുമെന്നോർത്തോ വേവലാതിപ്പെടാതെ സ്വർണത്തിൽ നിക്ഷേപിക്കാൻ സഹായിക്കുന്നു. സ്വർണ്ണ ഇടിഎഫുകൾ സ്വർണ്ണത്തിന്റെ വില ട്രാക്ക് ചെയ്യുന്നു. മ്യൂച്വൽ ഫണ്ടുകളാണ് ​ഇ ടി എഫുകളുടെ ആസ്തി കൈകാര്യം ചെയ്യുന്നത്.

അതിനാൽ സെബിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും ഇതിനുണ്ടാകും. ഒരു ​ഗോൾഡ് ഇടിഎഫ് യൂണിറ്റ് 1 ​ഗ്രാം സ്വർണത്തിനു തുല്യമായി കണക്കാക്കുന്നു. 24 കാരറ്റ് സ്വർണമാണ് ഇവിടെ ക്രയവിക്രയം നടത്തുക. ​അതേസമയം മാനേജ്‌മെന്റ് ഫീസ്, എക്‌സിറ്റ് ലോഡുകൾ, ട്രാക്കിംഗ് എറേഴ്സ് (ഇടിഎഫിന്റെ റിട്ടേണും അടിസ്ഥാന അസറ്റിന്റെ (സ്വർണ്ണം) റിട്ടേണും തമ്മിലുള്ള വ്യത്യാസം) എന്നിവ പോലുള്ള അനുബന്ധ ചെലവുകളും ഈ നിക്ഷേപ മാർഗത്തിലുണ്ട്.

സോവറിൻ ഗോൾഡ് ബോണ്ട്

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനുവേണ്ടി റിസർവ് ബാങ്ക് നൽകുന്ന സർക്കാർ പിന്തുണയുള്ള ബോണ്ടുകളാണ് സോവറിൻ ഗോൾഡ് ബോണ്ട് അഥവ എസ്ജിബികൾ. ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനുള്ള സുരക്ഷിത മാർഗമായ സോവറിൻ ഗോൾഡ് ബോണ്ട് 2015 നവംബറിലാണ് സർക്കാർ ആരംഭിക്കുന്നത്. ഇത്തരത്തിൽ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ നിരവധിയായ നികുതിയുളവുകൾ ലഭിക്കുമെന്നതാണ് ഈ നിക്ഷേപ മാർഗത്തിന്റെ പ്രധാന സവിശേഷത.

സോവറിൻ ഗോൾഡ് ബോണ്ട് വഴി നിങ്ങളുടെ കൈവശമുള്ള ഡിജിറ്റൽ ഗോൾ വിൽക്കുമ്പോൾ മാർക്കറ്റ് വിലയ്ക്കുപുറമെ 2.5 ശതമാനം പലിശയും ലഭിക്കുന്നു. സർക്കാർ പിന്തുണയുള്ള ബോണ്ടുകളായതിനാൽ തന്നെ സംഭരണം, ശുദ്ധി, മോഷണം എന്നിവയെക്കുറിച്ചും ആകൂലത വേണ്ട. അതേസമയം നികുതി രഹിത മൂലധന നേട്ടം ലഭിക്കുന്നതിന് അവയ്ക്ക് എട്ട് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്, ഇത് ലിക്വിഡിറ്റി പരിമിതപ്പെടുത്തിയേക്കാം. വ്യക്തികൾക്ക് മാത്രമായിരിക്കും ഇത്തരത്തിൽ നിക്ഷേപം നടത്താൻ സാധിക്കുക.

ഗോൾഡ് ഫണ്ട്

ഗോൾഡ് മ്യൂച്വൽ ഫണ്ടുകളും നിലവിലുള്ള ഒരു സ്വർണ നിക്ഷേപ മാർഗമാണ്. ഡീമാറ്റ് അക്കൗണ്ടുകളോ ട്രേഡിങ്ങോ ഇല്ലാതെ തന്നെ നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം ഫണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കുന്നതാണ് ഈ രീതി. ട്രെൻഡിനനുസരിച്ച് എസ്ഐപി രീതിയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ ഈ മാർഗത്തിലൂടെ വളരെ ചെറിയ തുക പോലും നിക്ഷേപം നടത്താനാകും. ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടാകുന്ന വില വ്യത്യാസങ്ങളെപറ്റി നിക്ഷേപകന് ധാരണയുണ്ടായിരിക്കണമെന്നതാണ് ഇവിടെ എടുത്തുപറയേണ്ടത്. ബ്രോക്കറേജ് ഫീസ് അടക്കമുള്ള തുകയും നൽകണം.

നിലവിൽ സ്വർണവില കുത്തനെയുരുന്ന പ്രവണതയാണെങ്കിലും പലപ്പോഴും ഇത് അതേപോലെ തന്നെ താഴേക്ക് പതിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. സ്വർണവിലയെ നിർണയിക്കുന്ന നിരവധി കാരണങ്ങളാണ് ആഗോള തലത്തിലുള്ളത്. അതിൽ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും വിതരണം, ഡിമാൻഡ് തുടങ്ങിയവയും ഉൾപ്പെടുന്നു.

അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അനുദിനം അറിയുകയെന്നതാണ് സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ്. സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു നിർണായക ഘടകം സമയാണ്. നിക്ഷേപകർ ഹ്രസ്വകാല നിക്ഷേപ നേട്ടമാണ് നോക്കുന്നതെങ്കില്‍ ഡിജിറ്റൽ സ്വർണ്ണം മികച്ച ഓപ്ഷനായിരിക്കാം.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest News