സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ശരീരത്തിലുണ്ടാകുന്ന ചെറിയൊരു വേദന മതി എല്ലാവിധ സന്തോഷങ്ങളെയും തല്ലിക്കെടുത്താൻ. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ വലിയ വേദന ഉണ്ടാക്കുന്നതാണെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന മസ്കുലോ സ്കെലറ്റൽ വേദനകളാണ് മിക്കവർക്കും ഏറെ അസഹ്യമായി തോന്നാറുള്ളത്. അപകടങ്ങളും ജീവിത ശൈലിയിലെ അപാകതകളും മൂലമുണ്ടാകുന്ന ഇത്തരം വേദനകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് മനസിലാക്കാം.
. വേദനയുടെ കാരണങ്ങൾ
ശരീരത്തിലെ മസിലുകൾ, അസ്ഥികൾ, സന്ധികൾ, ലിഗമെന്റുകൾ, ടെന്റണുകൾ തുടങ്ങിയവയെ ബാധിക്കുന്ന വേദനകളെയാണ് മസ്കുലോ സ്കെലറ്റൽ പെയിൻ എന്ന് പറയുന്നത്. അപകടങ്ങൾ, വീഴ്ച മൂലമുണ്ടാകുന്ന പരിക്കുകൾ, ലിഗമെന്റുകൾക്കും ടെന്റണുകൾക്കും സംഭവിക്കുന്ന വലിച്ചിൽ, സന്ധികൾക്കുണ്ടാകുന്ന സ്ഥാനമാറ്റം തുടങ്ങിയവയാണ് ഇത്തരം വേദനകൾക്ക് കാരണമാകുന്നത്.
ഇരിക്കുന്നതിലും കിടക്കുന്നതിലുമുള്ള അപാകതകളും വേദനക്ക് വഴിയൊരുക്കും. പോശ്ചറൽ സ്ട്രെയിൻ എന്നാണ് ഇത്തരം ബുദ്ധിമുട്ടുകളെ വിളിക്കുന്നത്. ഇത് മൂലം കഴുത്ത്, പുറം, നടുഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിലൊക്കെ വേദന അനുഭവപ്പെടാൻ സാധ്യത ഉണ്ട്. ഒരേ ജോലി സ്ഥിരമായി ചെയ്യുന്നതും വേദനക്ക് കാരണമാകും.
Read More: സോഷ്യൽ മീഡിയ സ്ക്രോൾ; നിങ്ങൾ സോഷ്യൽമീഡിയയ്ക്ക് അടിമയോ?
ശരീര വേദനക്കുള്ള മറ്റൊരു കാരണമാണ് ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാത്തതും ഉദാസീന ജീവിത രീതിയും. പരിചയമില്ലാതെ കനത്ത ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശരീര വേദനയും മസിൽ വലിയുകയുമെല്ലാം ചെയ്യും. പതിവില്ലാതെ അമിതമായി വർക്ക് ഔട്ട് ചെയ്യുന്നതും തെറ്റായ രീതിയിൽ വെയിറ്റ് ട്രെയിനിങ്ങ് എക്സർസൈസുകൾ ചെയ്യുന്നതുമെല്ലാം വേദന വിളിച്ച് വരുത്തുന്ന കാര്യങ്ങളാണ്.
. വേദന മാറ്റാൻ പല വഴികൾ
മസ്കുലോ സ്കെലറ്റൽ വേദന മാറ്റാൻ മരുന്നുകൾ മുതൽ ഫിസിയോ തെറാപ്പി ഉൾപ്പെടെ പല മാർഗങ്ങളുണ്ട്. ഓയിൻമെന്റുകൾ, സ്പ്രേകൾ, ഗുളികകൾ, ഉറക്ക ഗുളികകൾ, ഉഴിച്ചിൽ, തിരുമ്മ് ചികിത്സ തുടങ്ങിയ ആയുർവേദ മുറകൾ എന്നിവയെല്ലാമാണ് സാധാരണയായി ചെയ്യാറുള്ള ചികിത്സകൾ.
ഇതിൽ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് വേദനസംഹാരികൾ ഉപയോഗിച്ച് വേദന മാറ്റുന്ന രീതിയാണ്. രോഗികൾക്ക് അനാൾജസിക് ഇനത്തിൽ പെടുന്ന മരുന്നുകളാണ് ഇതിനായി നൽകുന്നത്. ഗുളിക രൂപത്തിലും കുത്തിവെപ്പായും നൽകാറുണ്ടെങ്കിലും ഇത്തരം മരുന്നുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ദോഷത്തെ വിളിച്ചു വരുത്തുന്നവയാണ്.
അനിയന്ത്രിതമായി മരുന്നുകൾ ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിൾ, വയറിളക്കം, വയറുവേദന, മലബന്ധം, ഛർദ്ദി, നെഞ്ചെരിച്ചിൽ തുടങ്ങിയ ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കിഡ്നി തകരാറിനും ഹൃദയ രോഗങ്ങൾക്കും വരെ കാരണമായേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകൾ ഉപയോഗിക്കാവൂ.
. ഫിസിയോ തെറാപ്പിയിലൂടെ പരിഹരിക്കാം!
മരുന്നുകൾ, സ്പ്രേ, ഓയിൻമെന്റുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ വേദന മാറ്റാൻ കഴിയുമെങ്കിലും ഇതുവഴി താൽക്കാലിക ആശ്വാസം മാത്രമേ ലഭിക്കുകയുള്ളൂ. വേദനയുടെ കാരണം കണ്ടെത്തി അതിനുള്ള ചികിത്സ നൽകുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ.
ഇതിനുള്ള ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ മാർഗം ഫിസിയോ തെറാപ്പിയാണ്. ഒട്ടുമിക്ക വേദനകളും മരുന്നില്ലാതെ തന്നെ മാറ്റാൻ കഴിയും എന്നതാണ് ഫിസിയോ തെറാപ്പിയുടെ പ്രത്യേകത.
. മാനുവൽ തെറാപ്പിയെ കുറിച്ച് അറിയാം.
വേദന കുറയ്ക്കുന്നതിനും സന്ധികൾ, മൃദുവായ കോശങ്ങൾ, ഞരമ്പുകൾ എന്നിവയുടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഫിസിയോ തെറാപ്പി ചികിത്സാ രീതിയാണ് മാനുവൽ തെറാപ്പി. ഇത് നടുവേദന, കഴുത്ത് വേദന, മുട്ടുവേദന, മയോഫേഷ്യൽ പെയിൻ സിൻഡ്രോം, ഫൈബ്രോമയാൽജിയ തുടങ്ങി ഒട്ടുമിക്ക വേദനകൾക്കും ഏറെ ഫലപ്രദമാണ്.
Read More: Lung cancer symptoms :ലംഗ് ക്യാൻസർ ;അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
വിദഗ്ധരായ ഫിസിയോ തെറാപ്പിസ്റ്റുകൾ രോഗികളെ ശാരീരികമായ പരിശോധനകൾക്ക് വിധേയരാക്കി വേദനയുടെ ഉറവിടം കണ്ടെത്തുന്നതും മൂലം വേദനയിൽ നിന്ന് പൂർണമായ മുക്തി ലഭിക്കാൻ സഹായിക്കുന്നു. സന്ധികളുടെ ചലനശേഷി വർദ്ധിപ്പിക്കാനും ലിഗമെന്റ്, ടെന്റൺ ഉൾപ്പെടെയുള്ള മൃദു കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും.
സന്ധികളുടെ അയവ് കൂട്ടാനും മസിലുകളുടെ പിരിമുറുക്കം കുറക്കാനും നീര് കുറക്കാനും ഫലപ്രദമാണ്. ഇതുവഴി വേദനക്ക് വേഗത്തിലുളള ശമനവും ലഭിക്കും. ശാരീരിക പ്രവർത്തനങ്ങൾ സുഖമമാക്കാനും ഗുണം ചെയ്യും.
. വൈദ്യസഹായം നിർബന്ധം.
ഏതാനും ദിവസങ്ങൾ കൊണ്ട് വേദന മാറുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ സ്വീകരിക്കുന്നതാണ് നല്ലത്. ഒരോരുത്തരിലും വ്യത്യസ്ത കാരണങ്ങൾ കൊണ്ടാകും വേദന അനുഭവപ്പെടുന്നത്. ഇത് കണ്ടെത്തി വേണം ചികിത്സ നൽകാൻ. അത് കൊണ്ട് തന്നെ സ്വയം ചികിത്സ പൂർണമായും ഒഴിവാക്കുകയും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ഫിസിയോതെറാപ്പിസ്റ്റ് കൃത്യമായ അസ്സസ്സ്മെന്റിലൂടെ ഓരോ വ്യക്തിക്കും അനുയോജ്യമായ തെറാപ്യൂട്ടിക് വ്യായാമങ്ങൾ ആണ് രോഗചികിത്സക്കായി ഉപയോഗിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് കാരണം കണ്ടെത്തുന്നത്.
. ജീവിത ശൈലി മാറ്റാം.
ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാത്തത്, ഉദാസീന ജീവിത രീതി, കടുത്ത ജോലി ഭാരം, വിശ്രമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങി ജീവിത ശൈലിയിലെ അപാകതകളാണ് ശരീര വേദനകളുടെ പ്രധാന കാരണങ്ങളിലൊന്ന്. ജീവിത ശൈലിയിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ രീതിയിൽ ഗുണം ചെയ്യുന്നവയാണ്.
കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വഴിയും ശാരീരിക വേദനകളെ പ്രതിരോധിക്കാൻ സഹായിക്കും. വ്യായാമം ജീവിതചര്യയാക്കി മാറ്റുകയും ഇതിനായി ദിവസവും കുറഞ്ഞത് 30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ മാറ്റി വെക്കുകയും ചെയ്യുക.
ജങ്ക് ഫുഡ് ഉൾപ്പെടെ മോശം ഭക്ഷണ രീതി ഒഴിവാക്കി ആരോഗ്യകരമായ ഡയറ്റ് പിന്തുടരാൻ ശ്രദ്ധിക്കുക. ദിവസം കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കുക. മാനസിക സമ്മർദ്ദം ഒഴിവാക്കുകയും അത് വഴി ജീവിത നിലവാരം ഉയർത്താനും ശ്രമിക്കേണ്ടതുണ്ട്.
അവസാനമായി ഒന്നോർക്കുക. വേദന വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വേദന വരാതെ നോക്കുന്നതാണ്.
തയ്യാറാക്കിയത് : അഷ്ക്കർ അലി കേളാട്ട്, ഹെഡ്, ഡിപ്പാർട്മെന്റ് ഓഫ് ഫിസിയോതെറാപ്പി, ആസ്റ്റർ മിംസ് കാലിക്കറ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ