വാഷിങ്ടണ്‍: യെമനില്‍ ഹൂതി കേന്ദ്രങ്ങള്‍ക്ക് എതിരെ അമേരിക്കയും ബ്രിട്ടനും സംയുക്തമായി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി.എട്ടു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്കൻ വ്യോമസേനാ വക്താവ് അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതികള്‍ ചെങ്കടലില്‍ ആഴ്ചകളായി ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിവരികയാണ്. ചെങ്കടല്‍ സുരക്ഷിതമാകും വരെ ആക്രമണം തുടരുമെന്ന് അമേരിക്ക അറിയിച്ചു.
കഴിഞ്ഞ ആഴ്ച ചെങ്കടലില്‍ ഒരു അമേരിക്കൻ കപ്പലിന് നേരെ ഹൂതികള്‍ ആക്രമണ ശ്രമം നടത്തിയിരുന്നു. യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്ബനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിക്കും മുൻപ് തകർത്തതായും അമേരിക്ക വ്യക്തമാക്കി. ഈ സംഭവത്തോടെ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്കാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന സൂചന പുറത്തുവന്നിരുന്നു.
ഹൂതി കേന്ദ്രങ്ങള്‍ക്ക് എതിരെ അമേരിക്ക നടത്തുന്ന എട്ടാമത്തെ ആക്രമണമാണ് ഇന്നലെ നടന്നത്. ബ്രിട്ടനുമായി ചേർന്നുള്ള രണ്ടാമത്തെ ആക്രമണവും.
ഇരു രാജ്യങ്ങളും കൂടി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാത സുരക്ഷിതമാകും വരെ ആക്രമണം തുടരുമെന്നാണ്. കഴിഞ്ഞ ദിവസവും ഹൂതികള്‍ ചില യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. നാശനഷ്ടങ്ങള്‍ എത്രയെന്ന് വ്യക്തമായിട്ടില്ല. ഓസ്ട്രേലിയ, ബഹ്റൈൻ, കാനഡ, നെതർലൻഡ്സ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് അമേരിക്ക അറിയിച്ചു. അതേസമയം ഇസ്രയേല്‍ ബന്ധമുള്ള എല്ലാ കപ്പലുകള്‍ക്ക് നേരെയും ആക്രമണം തുടരുമെന്ന നിലപാടിലാണ് ഹൂതികള്‍.