2024ലെ ഡാക്കര്‍ റാലിയില്‍ റിക്കി ബ്രാബെക്കിന് കിരീടം

സൗദി : ലോക റാലി റൈഡ് ചാമ്പ്യന്‍ഷിപ്പായ ഡാക്കര്‍ റാലി 2024ന്റെ 12ാം ഘട്ടവും പൂര്‍ത്തിയായതോടെ കിരീടം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ റിക്കി ബ്രാബെക്ക്.

സൗദി അറേബ്യയില്‍ നടന്ന 967 കിലോമീറ്റര്‍ റാലിയിലെ ജയത്തോടെ ഡാക്കര്‍ കിരീടം രണ്ടു തവണ നേടുന്ന ഏക അമേരിക്കന്‍ റൈഡറെന്ന നേട്ടവും ബ്രാബെക്ക് സ്വന്തമാക്കി. 2020ലും 32കാരനായ ബ്രാബെക്കനായിരുന്നു കിരീടം. സമാപന ഘട്ടമായ 12ാം സ്റ്റേജില്‍ അഞ്ചാം സ്ഥാനത്താണ് ഈ കാലിഫോര്‍ണിയക്കാരന്‍ ഫിനിഷ് ചെയ്തത്.

 ചാമ്പ്യന്‍ഷിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ മറ്റു താരങ്ങളും മികച്ച പ്രകടനം നടത്തി. 12ാം സ്റ്റേജില്‍ നാലാമതായി ഫിനിഷ് ചെയ്ത അഡ്രിയാന്‍ വാന്‍ ബെവറന്‍ ഓവറോള്‍ പോയിന്റില്‍ മൂന്നാം സ്ഥാനം നേടി. 12ാം സ്റ്റേജില്‍ പത്താമനായ ജോസ് ഇഗ്നാസിയോ നാച്ചോ ഓവറോള്‍ കിരീടത്തില്‍ ആറാം സ്ഥാനത്തും, 12ാം സ്ഥാനത്തെത്തിയ പാബ്ലോ ക്വിന്റാനില്ല 11ാം സ്ഥാനത്തും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കി.

read more ഡാക്കര്‍ റാലി 2024:11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചരിത്ര നേട്ടവുമായി മലയാളി താരം ഹരിത് നോഹ

 സ്വന്തം പ്രകടനത്തിലും ടീമിന്റെ നേട്ടത്തിലും ഞാന്‍ വളരെ സന്തുഷ്ടനാണെന്ന് റിക്കി ബ്രാബെക്ക് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് ആഴ്ചയും ഞങ്ങള്‍ മികച്ച ദൗത്യം നിര്‍വഹിച്ചു, ഇനി മുതല്‍ നമ്പര്‍ 9 എന്റെ ഭാഗ്യ നമ്പറായിരിക്കുമെന്ന് ഞാന്‍ കരുതുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

 ഏപ്രില്‍ 2 മുതല്‍ 7 വരെ പോര്‍ച്ചുഗലില്‍ നടക്കുന്ന ബിപി അള്‍ട്ടിമേറ്റ് റാലി റൈഡിലാണ് ഇനി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം ഒത്തുചേരുക.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക