സൗദി: സൗദി അറേബ്യയില്‍ സമാപിച്ച ഡാക്കര്‍ റാലിയില്‍ ആദ്യ പതിനൊന്നില്‍ ഫിനിഷ് ചെയ്ത്, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച് ടിവിഎസ് റേസിങ് ഫാക്ടറി റേസറും മലയാളി കൂടിയായ ഹരിത് നോഹ. ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ കീഴിലുള്ളതാണ് ടിവിഎസ് റേസിങ് ഫാക്ടറി.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റാലിയെന്ന് അറിയപ്പെടുന്ന ഡാക്കറിന്റെ 14 ദിവസങ്ങളിലായി നടന്ന 12 ഘട്ടങ്ങള്‍ പിന്നീട്ടാണ് ടിവിഎസും ഹരിത് നോഹയും ചരിത്രം കുറിച്ചത്. 5,000 കിലോമീറ്ററിലധികം വരുന്ന വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളും ദുര്‍ഘടമായ കാലാവസ്ഥയും അതിജീവിച്ചാണ് ഹരിത് നോഹയുടെ നേട്ടം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി റേസിങ് ഫോര്‍മാറ്റുകളിലുടനീളം സജീവമായി പങ്കെടുക്കുകയും റൈഡര്‍മാരെ പ്രോത്സാഹിക്കുകയും ചെയ്യുന്ന ടിവിഎസ് റേസിങ്, 2015 മുതല്‍ ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
അന്താരാഷ്ട്ര റാലി-റൈഡിന്റെ 46ാമത് പതിപ്പായ ഡാക്കര്‍ റാലിയുടെ 2024 സീസണില്‍, റേസ് ട്രാക്കില്‍ തന്റെ കഴിവുകളും നിശ്ചയദാര്‍ഢ്യവും ഒത്തിണക്കവും പ്രകടമാക്കി മികച്ച പ്രകടനമാണ് ഹരിത് നോഹ നടത്തിയത്. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ചതും വേഗതയേറിയതുമായ റേസര്‍മാരുമായി മത്സരിച്ച ഹരിത് റാലി 2 ക്ലാസ് വിജയിക്കുകയും, ഓവറോള്‍ വിഭാഗത്തില്‍ 11ാം സ്ഥാനത്തെത്തുകയും ചെയ്തു. ഡാക്കര്‍ റാലിയിലെ റാലി 2 ക്ലാസ് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ റേസറെന്ന നേട്ടവും ഹരിത് നോഹയുടെ പേരിലായി.
ഡാക്കര്‍ റാലി 2024ല്‍ 11ാം സ്ഥാനത്തെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടിവിഎസ് റേസിങ് ഫാക്ടറി ടീം റൈഡര്‍ ഹരിത് നോഹ പറഞ്ഞു. ലൈന്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം, അതിനാണ് ഞാനും എന്റെ ടീമും തയ്യാറെടുത്തത്. റാലിയുടെ പകുതി വഴിയില്‍ അസുഖം വന്നെങ്കിലും, ഞാനെന്റെ കരുത്ത് ഉറപ്പാക്കിയെന്നും താരം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക