ആലപ്പുഴ : ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതബോധമുണ്ടാക്കി എടുക്കാന്‍ പ്രദേശത്തു തന്നെ നടപടികളുണ്ടാകണമെന്നും ഇക്കാര്യത്തില്‍ ജാഗ്രതാ സമിതികള്‍ നല്ല ഇടപെടല്‍ നടത്തണമെന്നും വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗം.
പോലീസ് സംവിധാനത്തിന്റെ ഇടപെടലും വേണം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് നേരെ അയല്‍വാസികളുടെ അധിക്ഷേപം ഉണ്ടാകുന്നതു സംബന്ധിച്ച പരാതി അദാലത്തില്‍ പരിഗണിച്ചു. നാനാ മേഖലകളിൽ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കാനും പരിഹാരം കാണാനും വനിതാ കമ്മിഷന്റെ ഇടപെടലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് മേലുള്ള പിടിഎയുടെ ഇടപെടല്‍, ലിവിംഗ് ടുഗതര്‍ ബന്ധത്തില്‍ ഒരു കുട്ടിയുള്ളത് മറച്ചുവച്ച് വിവാഹം കഴിച്ചെന്ന കേസ് തുടങ്ങിയ പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു.
സിറ്റിംഗില്‍ ആകെ 96 പരാതികള്‍ പരിഗണിച്ചു. 20 കേസുകള്‍ തീര്‍പ്പാക്കുകയും 12 എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. നാല് പരാതികള്‍ ജാഗ്രതാ സമിതിക്ക് കൈമാറി. ബാക്കി 60 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിയെന്നും വനിതാ കമ്മിഷന് അംഗം പറഞ്ഞു.
അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ, സഖി വണ്‍ സ്റ്റോപ്പ് കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ സായൂജ്യ സാജു, ആര്. ബിസ്മിത, വനിത കമ്മിഷന് ജീവനക്കാരായ എസ്. ശരത്കുമാര്, എസ്. രാജേശ്വരി തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക